നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ; “ഇത് മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള സമരം”

    0

    നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാൻ ഗവർണർ പ്രത്യേകമായ റിക്രൂട്ട് ചെയ്ത വിസിമാരുടെ നിലപാടിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഇന്നലെ കേരളം കണ്ടതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് പറഞ്ഞു. പി.എസ്. സഞ്ജീവ് ഉൾപ്പടെ 26 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് നാല് പേരെ അവിടെയും റിമാൻഡ് ചെയ്തിട്ടുണ്ട്. എസ്എഫ്ഐ അതിശക്തമായ പ്രതിഷേധം തുടരുമെന്ന് എം. ശിവപ്രസാദ് അറിയിച്ചു.

    ആർഎസ്എസ് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാൻ പോലും പ്രതിപക്ഷം തയ്യാറാവുന്നില്ലെന്ന് എം. ശിവപ്രസാദ് ആരോപിച്ചു. പ്രതിപക്ഷം ഒരക്ഷരം ഉരിയാടാൻ തയ്യാറാവുന്നില്ല. എസ്എഫ്ഐ സമരത്തെ പിന്തുണക്കാൻ ആവശ്യപ്പെടുന്നില്ല. ആർഎസ്എസിന് എതിരായ സമരം ഗുണ്ടായിസം ആയി തോന്നിയത് എപ്പോഴാണ് എന്ന് പ്രതിപക്ഷ നേതാവിനോട് എസ്എഫ്ഐ ചോദിച്ചു. വി.ഡി. സതീശന്റെ ചിത്രങ്ങൾ ഇനിയും ആർഎസ്എസിന്റെ കയ്യിൽ ഉണ്ട്. അത് പുറത്ത് വിടുമോ എന്ന് കരുതിയാണ് നിലവിൽ മിണ്ടാതെ ഇരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അപലപനീയമാണ്. കെഎസ്‌യുവിനെ പോലും സമരം ചെയ്യാൻ പ്രതിപക്ഷ നേതാവ് അനുവദിക്കുന്നില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

    കേരള സർവകലാശാല വി.സി. സിസ തോമസിനെതിരെയും ശിവപ്രസാദ് ആരോപണം ഉന്നയിച്ചു. ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ ജോലി തടസപ്പെടുത്തി എന്നാണ് സിസ തോമസ് പറഞ്ഞത്. സിസ തോമസ് എന്താണ് മൂന്ന് ദിവസമായി യൂണിവേഴ്സിറ്റിയിൽ ചെയ്തത്? മോഹനൻ കുന്നുമ്മൽ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ആയിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. സർവകലാശാലയിൽ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ സമ്മതിക്കാത്തത് സിസ തോമസും മോഹനൻ കുന്നുമ്മലുമാണ്. ഈ സമരത്തെ എസ്എഫ്ഐയും ഗവർണറും തമ്മിലുള്ള പ്രശ്നമായി കാണരുത്. മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള സമരമാണിത്. ചിലർ സമരത്തെ വക്രീകരിക്കാൻ ശ്രമിക്കുന്നു. ഒരു ഭരണകൂടത്തിന്റെയും തണലിൽ അല്ല സമരം. കൊടിയ ഭീകരമായ മർദ്ദനം ഉണ്ടായാലും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിച്ചാൽ സമരം തുടരുമെന്ന് ശിവപ്രസാദ് പറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version