കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് ഉൾപ്പെടെ 2 പേർ മരിച്ചു. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം. സഹപാഠിയായ കാനഡ സ്വദേശി സാവന്ന മെയ് റോയ്‌സ് ആണ് മരിച്ച മറ്റൊരാൾ.
ചൊവ്വാഴ്ച രാവിലെ കനേഡിയൻ പ്രവിശ്യയായ മാനിറ്റോബയിലെ സ്റ്റെയിൻബാച്ചിന് തെക്ക് ആകാശത്ത് വെച്ച് സിംഗിൾ എഞ്ചിൻ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വിമാനങ്ങളിൽ റേഡിയോകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് പൈലറ്റുമാരും പരസ്പരം കണ്ടില്ലെന്നാണ് കരുതുന്നതെന്നാണ് ഹാർവ്സ് എയർ പൈലറ്റ് പരിശീലന സ്കൂളിൻ്റെ പ്രസിഡൻ്റ് ആദം പെന്നർ പറഞ്ഞു. ഇരുവരും ചെറിയ സെസ്ന വിമാനങ്ങളിൽ പറന്നുയരാനും ഇറങ്ങാനും പരിശീലിക്കുകയായിരുന്നു.
എന്നാൽ ആശയവിനിമയം പാളി ഒരേ സമയം ലാൻഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് റൺവേയിൽ നിന്നും നൂറ് യാർഡ് അകലെ വെച്ച് വിമാനങ്ങൾ കൂട്ടിയിടിച്ചതെന്നും ആദം പെന്നർ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
