കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകാനുള്ള പിഎം കുസും പദ്ധതിയിൽ വൻ വെട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനർട് നടത്തിയത് വൻ അഴിമതിയെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചു. അഞ്ച് കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ മാത്രം അധികാരമുള്ള സിഇഒ 240 കോടി രൂപയ്ക്ക് ടെണ്ടർ വിളിച്ചതിലാണ് ആരോപണം. നൂറ് കോടിയുടെ അഴിമതിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കർഷകർക്ക് സൗരോർജ്ജ പമ്പുകൾ ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പിഎം കുസും. 172 കോടി നബാർഡിൽ നിന്ന് എടുത്ത് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. സംസ്ഥാന സർക്കാരിൻ്റെ അനുവാദമില്ലാത അനർട് സിഇഒ ടെന്റർ വിളിച്ചെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. വൈദ്യുതി മന്ത്രി അനുവാദം നൽകാതെ അനർട് സിഇഒക്ക് ഇത്തരം തീരുമാനം എടുക്കാനാവില്ല.
ആദ്യ ടെൻ്ററിൽ കേന്ദ്രം നിർദേശിച്ച മാനദണ്ഡം പാലിച്ച കമ്പനിയെ ഒഴിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാങ്കേതികത അനുസരിച്ച ആറ് കമ്പനികളിൽ അതിഥി സോളാറാണ് കുറഞ്ഞ തുക നൽകിയത്. എന്നാൽ പദ്ധതിയുമായി തുടർന്ന് പോകാൻ താത്പര്യമില്ലെന്ന് അതിഥി സോളാർ ഇ-മെയിൽ മുഖേന അറിയിച്ചെന്നാണ് സിഇഒ പറയുന്നത്. അതിനൊരു രേഖയുമില്ല. ആറ് കമ്പനികളെ പങ്കെടുപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ ടെന്റർ റദ്ദാക്കുമെന്ന് അറിയിച്ചു. റീടെണ്ടറിൽ ബെഞ്ച് മാർക്കിനേക്കാൾ ഇരട്ടി തുക ക്വോട്ട് ചെയ്ത് ഒരു കമ്പനിക്ക് ടെണ്ടറിൽ മാറ്റം വരുത്താൻ വിഴിവിട്ട അനുമതി നൽകിയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ഊർജ്ജ സെക്രട്ടറി അശോകിന്റെ നേതൃത്വത്തിൽ നിരക്ക് ഏകീകരിക്കണമെന്നും അതിന് സമിതി വേണമെന്നും നിർദ്ദേശിച്ചതാണെന്നും ആ സമിതി രൂപീകരിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. നിരക്ക് ഏകീകരിച്ചാൽ വൻ അഴിമതി തടയാമായിരുന്നു. അനർടിൽ ഫൈനാൻസ് വിഭാഗത്തേയോ പർച്ചേസ് വിംഗിനെയോ 240 കോടിയുടെ ടെണ്ടർ നടപടികൾ അറിയിച്ചില്ല. 89 ദിവസത്തേക്ക് മാത്രം ജോലിക്കെത്തിയ താത്കാലിക ജീവനക്കാർക്ക് ചുമതല നൽകിയാണ് അനർട്ടിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത്.
നരേന്ദ്രനാഥ് വെല്ലുരി എന്ന ഐഎഫ്എസുകാരൻ അനർട് സിഇഒ ആയതിലും ദുരൂഹതയുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിയമനം. കാലാവധി നീട്ടിക്കൊടുക്കാനും നീക്കം നടക്കുന്നു. വിശദമായ അന്വേഷണം വേണം. നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.