‘മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വിസി ആക്കിയത് ഈ സര്‍ക്കാര്‍’; അന്ന് പരിശോധിച്ചില്ലേ സംഘിയാണോ എന്ന്? വിഡി സതീശന്‍

    0

    സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നത് പോലെ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്ത് മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന നിസാരമായൊരു പ്രശ്‌നത്തിന്റെ പുറത്ത് ഇന്ന് കേരളത്തിലെ സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും തടവിലാക്കിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.

    രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. സര്‍വകലാശാലയില്‍ ഒരു ഫയല്‍ പോലും നീങ്ങുന്നില്ല. ഒരു ഫയല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ വൈസ് ചാന്‍സലര്‍ വച്ച രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന് ആര്‍ക്കും അറിയില്ല. രാജ്ഭവന്റെ ആളാണെന്ന് പറഞ്ഞ് വൈസ് ചാന്‍സലര്‍ക്കെതിരെ സമരം നടത്തുകയാണ്. ഈ വൈസ് ചാന്‍സലറെ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആക്കിയത് ആരാണ്. പിണറായി സര്‍ക്കാരാണ്. അദ്ദേഹത്തിന് അധികം ചുമതല നല്‍കുകയായിരുന്നു രാജ്ഭവന്‍. അപ്പോള്‍ സംഘി ആണ് എന്നത് പരിശോധിച്ചില്ലേ? – അദ്ദേഹം ചോദിച്ചു.

    കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. എന്നിട്ടും ഇപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിക്കുകയാണ്. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്തരുത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഭേദഗതി വരുത്തിയത്. ഭേദഗതി വരുത്തി കിം പരീക്ഷാഫലത്തെ മുഴുവന്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തെക്കൂടി കുളമാക്കി മാറ്റി. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ഇവര്‍ തകര്‍ത്തു – അദ്ദേഹം പറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version