‘ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ചു’; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

    0

    കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോയുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ആരോപണം.

    സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണം. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനാണ് കത്ത് നല്‍കിയത്.

    അതേസമയം, വി സി എതിര്‍ത്തെങ്കിലും സര്‍വകലാശാല ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നിയന്ത്രിച്ചു തുടങ്ങി. കെ എസ് അനില്‍കുമാറിന്റെ ഫയല്‍ നോക്കാനുള്ള ഡിജിറ്റല്‍ ഐഡി ജീവനക്കാര്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കാനാണ് വി.സിയുടെ നിര്‍ദ്ദേശം.വൈസ് ചാന്‍സലര്‍ താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നല്‍കുന്നത് ജീവനക്കാരുടെ സംഘടന നേതാക്കള്‍ വിലക്കിയതായും ആരോപണം ഉണ്ട്.

    രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കി. പക്ഷേ ഈ രണ്ടു ഉത്തരവും പാലിക്കപ്പെട്ടില്ല. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകളും തീര്‍പ്പാക്കി തുടങ്ങി.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version