You are Here : Home / SPORTS

സഞ്ജുവിന്റെ വളർച്ച കാംബ്ളിക്ക് സഹിക്കാൻ പറ്റുന്നില്ല

Text Size  

Story Dated: Monday, April 23, 2018 02:13 hrs UTC

മലയാളി താരം സഞ്ജു സാംസണ്‍ന്‍റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണിത്. എന്നാല്‍ സഞ്ജുവിനെതിരെയുള്ള മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ രോഷത്തിന് ഇടയാക്കിയിരിക്കുകയാണ്.
 
 
അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ വിരാട് കോലിയെയും ക്രിസ് ഗെയ്‌ലിനെയുമെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പും സഞ്ജു സ്വന്തമാക്കിക്കഴിഞ്ഞു. സഞ്ജുവിന്‍റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയത്. ഒന്നിലൊഴികെ മറ്റു മത്സരങ്ങളിലെല്ലാം ഉജ്വലമായ ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. പതിനൊന്നാം സീസണിന്‍റെ താരമായി മാറിക്കഴിഞ്ഞു ഈ മലയാളി താരം.
 
അതുകൊണ്ടു തന്നെ കമന്‍റേറ്റര്‍മാരുടെ ഇഷ്ടതാരം കൂടിയാണ് ഇപ്പോള്‍ സഞ്ജു. എന്നാല്‍, ഈ പുകഴ്ത്തലിനെതിരെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ട്വിറ്ററിലൂടെയാണ് കാംബ്ലി തന്‍റെ രോഷം പ്രകടിപ്പിച്ചത്.
 
സഞ്ജുവിന്‍റെ ഡൊമസ്റ്റിക് സീസണിനെയും ഐ.പി.എല്‍ സീസണിനെയും കുറിച്ച്‌ കമന്‍റേറ്റര്‍മാര്‍ പറയുന്നത് കേട്ടാല്‍ തോന്നും അവര്‍ക്ക് വേറൊന്നും പറയാനില്ലെന്ന്. അത്രയ്ക്കും ബോറാണത്. എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.
 
എന്നാല്‍, കാംബ്ലിയുടെ ഈ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റിനെതിരേ വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉണ്ടാകുന്നത്. കമന്‍റേറ്റര്‍മാരെ വിമര്‍ശിക്കണമെങ്കില്‍ അതിലേയ്ക്ക് എന്തിനാണ് സഞ്ജുവിന്‍റെ പേര് വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് ഹിന്ദി കമന്‍ററി കേട്ടോളൂ എന്ന പരിഹാസവുമുണ്ട്. സെലക്ടര്‍മാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ടാണ് കമന്‍റേറ്റര്‍മാര്‍ക്ക് പറയേണ്ടിവരുന്നത് എന്നാണ് മറ്റൊരു അഭിപ്രായം.
 
അനുഭവ സമ്ബത്ത് കുറഞ്ഞിട്ടും ഇത്രയും മികച്ച രീതിയില്‍ കളിക്കുന്ന മറ്റ് ഏതൊരു താരമുണ്ട് എന്ന് ചിലര്‍ ചോദിച്ചു. ഈ സീസണില്‍ ആറു കളികളില്‍ നിന്ന് മൊത്തം 239 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ധശതകം ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. പുറത്താകാതെ നേടിയ 92 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള കോലി അഞ്ചു കളികളില്‍ നിന്ന് 231ഉം മൂന്നാം സ്ഥാനത്തുള്ള കെയ്ന്‍ വില്ല്യംസണ്‍ അഞ്ചു കളികളില്‍ നിന്ന് 230 റണ്‍സും നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ മൂന്ന് കളികളില്‍ നിന്ന് 229 റണ്‍സുമാണ് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.