ഞാന്‍ വളരെ സെന്‍സീറ്റീവാണ്
1994 മിസ് ഇന്ത്യ മത്സരത്തിന് ഒരുങ്ങുമ്പോള്‍ ശ്വേത മേനോന് ഫിറ്റ്‌നെസിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. പിന്നീട് സൂപ്പര്‍ മോഡലായും അഭിനേത്രിയായും ജീവിതത്തില്‍ തിരക്കേറിയപ്പോഴാണ് ഫിറ്റ്‌നെസിനെക്കുറിച്ച് ശ്വേത കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്. സ്‌കൂള്‍ തലത്തിലേയുള്ള സ്‌പോട്‌സ് പ്രേമമാകാം അന്നും ഇന്നും തന്റെ ഫിറ്റ്‌സനിന്റെ അടിത്തറയെന്ന് ശ്വേത അശ്വമേധത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സ്‌പോട്‌സ് കമ്പം
ഷോട്ട്‌പുട്ട്, ഡിസ്‌ക്കസ്‌ത്രോ എന്നിവയില്ലൊം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സജീവമായിരുന്നു. ധാരാളം മെഡലുകളും കിട്ടിയിട്ടുണ്ട്. സിനിമയില്‍ വന്നപ്പോള്‍ അതെല്ലാം വിട്ടു. എങ്കിലും എന്റെ ഫിറ്റനെസിനു പിന്നില്‍ ഇതെല്ലാം ഉണ്ട്.
ഫിറ്റ്‌നെസ്
ഫിറ്റ്‌നെസ് എനിക്ക് ഔട്ട്‌ഡോര്‍ ആണ്. വ്യായാമം ഇങ്ങനെ വേണം എന്നില്ല.അതില്‍ നടത്തവും ഓട്ടവും മുതല്‍ ക്വിക്ക് ബോക്‌സിങ്ങും യോഗയും വരെ ഉള്‍പ്പെടും. എന്തായാലും ആസ്വദിച്ചു ചെയ്യുന്നതാണ് എന്റെ രീതി. ജിമ്മില്‍പോയി വ്യായാമം ചെയ്യുന്നതിനോട് അത്ര താല്‌പര്യമില്ല. സ്വന്തം ശരീരം ഉപയോഗിച്ചു ചെയ്യാവുന്ന വ്യായാമങ്ങളോടാണ് കൂടുതല്‍ ഇഷ്‌ടം.
ക്വിക്ക് ബോക്‌സിങ്ങ്
ക്വിക്ക് ബോക്‌സിങ്ങ് അറിയാം എന്നതുകൊണ്ട് ഞാന്‍ ഇതുവരെ ആരേയും അടിച്ച് താഴെയിട്ടിട്ടൊന്നുമില്ല. സ്വയരക്ഷയേക്കാള്‍ അതിനോടുള്ള താല്‌പര്യവും സ്‌നേഹവുമാണ് ക്വിക്ക് ബോക്‌സിങ്ങിലേക്ക് ആകര്‍ഷിച്ചത്. ഫിറ്റ്‌നെസിനൊപ്പം ഉന്മേഷം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
ഭക്ഷണത്തിലെ ഇഷ്‌ടങ്ങള്‍
മെലിയാന്‍ പട്ടിണി കിടക്കുന്ന സ്വഭാവമില്ല. അങ്ങനെ തടികുറയ്‌ക്കാന്‍ നോക്കുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഹെല്‍തി ഡയറ്റിങും വ്യായാമങ്ങളുമാണ് എന്റെ വഴി. ഭക്ഷണം ഇഷ്‌ടമുള്ള കൂട്ടത്തിലാണ്. പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതും അവിടെയായതു കൊണ്ടാകാം. അച്‌ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നതിനാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുണ്ട്. അതിനാല്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും പരീക്ഷിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയാല്‍ കല്ലുമേക്കായും ചെമ്മീനുമാണു പ്രിയം.
ഹെല്‍ത്തി ഡയറ്റിങ്
ഞാന്‍ പത്ത് വര്‍ഷമായി ബീഫ്, മട്ടണ്‍ തുടങ്ങിയ റെഡ്‌മീറ്റ് കഴിക്കാറില്ല. ഇടയ്‌ക്ക് നോണ്‍വെജ് വിഭവങ്ങളെല്ലാം ഒഴിവാക്കും. അപ്പോള്‍ ഒരു മാസം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ വിഭവങ്ങള്‍ മാത്രമാണ് കഴിക്കുക. ശരീരത്തിന്റെ തുലനത നിലനിര്‍ത്താന്‍ വേണ്ടിയാണിത്. എന്റെ ഫേവറിറ്റ് അടപായസം കണ്ടാല്‍ പിന്നെ മറ്റെല്ലാം മറക്കും. എനിക്ക് ഏറ്റവും ഇഷ്‌ടം മധുരത്തോടാണ്. ആ ഇഷ്‌ടം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡയറ്റിങും ഇല്ല.
ആരോഗ്യത്തിന് ഉറക്കം
നല്ല ആഹാരവും അതനുസരിച്ചുള്ള വ്യായാമവും ഉണ്ടെങ്കിലേ ശരീരം ഹെല്‍ത്തിയാവൂ. ഇതെല്ലാം മറന്ന് വ്യായാമം ചെയ്യുമ്പോള്‍ ശരീരം മെലിഞ്ഞെന്നു തോന്നാം. എന്നാല്‍ പ്രായം ചെല്ലുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയുന്നത്. നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. എട്ടു മണിക്കൂര്‍ ഉറങ്ങണം. നല്ല ഉറക്കം കിട്ടാതെ വ്യായാമം ചെയ്‌തിട്ട് ഒരു കാര്യവുമില്ല. ശരിയായ വ്യായാമവും ഡയറ്റിങ്ങും ഉറക്കവുമാണ് ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം.
സൗന്ദര്യസംരക്ഷണം
സൗന്ദര്യ സംരക്ഷണത്തിലൊന്നും താല്‌പര്യമുള്ളയാളല്ല ഞാന്‍. ആകെ ചെയ്യുന്നത് ധാരാളം വെള്ളം കുടിക്കുമെന്നതാണ്. അധികം മേയ്‌ക്കപ്പ് ഉപയോഗിക്കുന്നതും ഇഷ്‌ടമല്ല. പിന്നെ മുടക്കമില്ലാതെ ചെയ്യുന്ന ഒരു കാര്യം തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതാണ്. സൗന്ദര്യം എന്നു പറയുന്നത് ഫിറ്റ്‌നെസ്‌പോലെ നല്ല ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നേടിയെടുക്കേണ്ടതാണ്. പോസീറ്റീവായ ചിന്തകള്‍ നമ്മുടെ മുഖസൗന്ദര്യം വര്‍ധിപ്പിക്കും.
സെന്‍സിറ്റീവ്
ഞാന്‍ വളരെ സെന്‍സീറ്റീവാണ്. ചെറിയകാര്യങ്ങളില്‍പോലും പെട്ടെന്ന് മനസ് വിഷമിക്കും. പൊതുവേ ദേഷ്യം കുറവാണ്. എന്തെങ്കിലും ടെന്‍ഷനോ സങ്കടമോ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കും. കുറച്ചു കഴിയുമ്പോള്‍ മനസ് ശാന്തമാകും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നു പറയുന്നത് അടുത്ത ബന്ധുക്കള്‍ക്ക് എന്തെങ്കിലും അസുഖം വരുന്നതാണ്. അവര്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
Comments