സുരാജ് വെഞ്ഞാറമ്മൂട്
പതിനഞ്ചു രൂപയായിരുന്നു മിമിക്രിക്ക് കിട്ടിയ ആദ്യപ്രതിഫലം. കരകുളം ക്ഷേത്രത്തിലായിരുന്നു പ്രോഗ്രാം. സുധീര്‍, പ്രദീപ്, സലീം, ജയന്‍ എന്നിങ്ങനെ നാലു കൂട്ടുകാരുണ്ടായിരുന്നു ഒപ്പം. പ്രോഗ്രാമില്‍ റീഗല്‍ തുള്ളിനീലത്തിന്റെ ഒരു പരസ്യമുണ്ട്. വള്ളിനിക്കറിട്ടുവേണം ആ രംഗത്തു പ്രത്യക്ഷപ്പെടാന്‍. പ്രോഗ്രാം തുടങ്ങുന്നതിന് കുറച്ചുമുമ്പാണ് വള്ളിനിക്കറില്ലെന്ന സത്യമറിയുന്നത്. ഞങ്ങളാകെ അസ്വസ്ഥരായി. വള്ളിനിക്കറുമായി ബന്ധപ്പെട്ട പ്രോഗ്രാമാണ് അന്നത്തെ മാസ്റ്റര്‍പീസ്. അതുകൊണ്ടുതന്നെ നിക്കറില്ലെങ്കില്‍ പണി പാളും.
ഇനിയെന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരമ്മാവന്‍ ക്ഷേത്രത്തില്‍ തൊഴുതുനില്‍ക്കുന്നതു കണ്ടത്. മുണ്ടിനടിയിലൂടെ ഒരു വള്ളി താഴ്ന്നുകിടക്കുന്നു. സംശയിക്കാനില്ല. ഇത് വള്ളിനിക്കര്‍ തന്നെ. സന്തോഷത്തോടെ ഞാന്‍ അമ്മാവനെ കാണാനായി ക്ഷേത്രത്തിനു പുറത്തുകാത്തുനിന്നു. തൊഴുതിറങ്ങിയപ്പോള്‍ ഓടിച്ചെന്നു.
''മാമാ, എനിക്കാ നിക്കറൊന്നു തരാമോ?''
ആവേശത്തോടെയുള്ള എന്റെ ചോദ്യത്തിന് ''പ്ഫ'' എന്ന ആട്ടായിരുന്നു മറുപടി. അത് ഞാന്‍ ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങി.
''എന്റെ പ്രായം പോലും നോക്കാതെയാണോടോ ചോദിക്കുന്നത്.''
അമ്മാവന്‍ ദേഷ്യം കൊണ്ടു വിറയ്ക്കുകയാണ്. വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഏതുനിമിഷവും അടി വീഴാം. അടി കിട്ടിയാലും കുഴപ്പമില്ല, നിക്കര്‍ കിട്ടിയാല്‍ മതിയായിരുന്നു എന്ന ചിന്തയായിരുന്നു, എനിക്ക്. ബഹളം കേട്ട് അമ്പലക്കമ്മിറ്റിക്കാര്‍ ഓടിവന്നു.
''പരിചയം പോലുമില്ലാത്ത ഇവന്‍, എന്നോടു നിക്കറു ചോദിക്കാന്‍ വന്നിരിക്കുന്നു...?''
അമ്മാവന്റെ കലിതുള്ളല്‍ കണ്ടപ്പോള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്റെ മുഖത്തേക്കു നോക്കി. ഞാന്‍ പ്രോഗ്രാമിന്റെ കാര്യം അവരോടു വിശദമായിത്തന്നെ പറഞ്ഞു. അതോടെയാണ് അമ്മാവനും ദേഷ്യം തണുത്തത്. അമ്പലത്തിന്റെ കാര്യമായതിനാല്‍ നിക്കര്‍ തരാമെന്ന് അമ്മാവന്‍ സമ്മതിച്ചു.
''എനിക്കിതുവരെയും സ്‌റ്റേജില്‍ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. നിക്കറിനെങ്കിലും അതിനു യോഗമുണ്ടല്ലോ.''
അമ്മാവന്റെ തമാശ ഞങ്ങള്‍ ആസ്വദിച്ചു. അദ്ദേഹം അപ്പോള്‍ത്തന്നെ നിക്കറൂരി എന്റെ കൈയില്‍ത്തന്നു. ഒപ്പം എന്റെ പിന്നാലെ സ്‌റ്റേജിലേക്കും.
''എടേയ്, എനിക്കു നിക്കറില്ലാതെ പോകാന്‍ പറ്റില്ലാട്ടോ..''
ഞങ്ങള്‍ റെഡിയാവുന്നതിനിടയില്‍ അമ്മാവന്‍ ഓര്‍മ്മിപ്പിച്ചു. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോള്‍ വീണ്ടും അമ്മാവന്റെ ഡയലോഗ്.
''എന്റെ കൈയില്‍ വേറെ ഇല്ലാട്ടോ. ഇതുവച്ചാണ് ഞാന്‍ അഡ്ജസ്റ്റ് ചെയ്യുന്നത്.''
ഇയാള്‍ ഇടയ്ക്കിടെ പറയുന്നത് അരോചകമായാണ് തോന്നിയത്. പക്ഷേ ദേഷ്യപ്പെട്ടാല്‍ നിക്കറു കൊടുക്കേണ്ടിവരുമല്ലോ എന്നു കരുതി തിരിച്ചൊന്നും പറഞ്ഞില്ല.
''എന്താ മാമാ ഇങ്ങനെ? ഞങ്ങള്‍ നിക്കര്‍ തരാതെ പോകുമോ?''
അമ്മാവനെ സമാധാനിപ്പിച്ചുകൊണ്ട് ഞങ്ങള്‍ സ്‌റ്റേജില്‍ കയറി. നിക്കര്‍ പ്രോഗ്രാം വന്‍ ഹിറ്റായി. ആളുകള്‍ ചിരിച്ചുമറിഞ്ഞു. വെപ്രാളത്തിനിടയില്‍ അമ്മാവന്റെ കാര്യം ഞങ്ങള്‍ മറന്നു. നിക്കര്‍ എവിടെയോ ഊരിയിട്ട് ഞങ്ങള്‍ സ്ഥലംവിടുകയും ചെയ്തു.
വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അമ്മാവനെ ഓര്‍ത്തത്. അദ്ദേഹത്തിന് നിക്കര്‍ കിട്ടിയോ, അതോ നിക്കറിടാതെ വീട്ടിലേക്ക് പോയോ എന്നറിയില്ല. പിന്നീട് കരകുളം പ്രദേശത്ത് പ്രോഗ്രാമിന് പോകുമ്പോഴൊക്കെ ഞാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പേടിയോടെ നോക്കും. ഈശ്വരാ, അമ്മാവനെങ്ങാനുമുണ്ടാവുമോ?
Comments