റോഡപകടത്തിൽ ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാതെ കേരള പൊലീസിന്‍റെ ക്രൂരത. തൃശ്ശൂർ എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത്. ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതോടെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ കുറുവിലങ്ങാട് സ്വദേശി റോണിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കോട്ടയം വെമ്പള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. കുറവിലങ്ങാട് കുര്യം സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ എആർ ക്യാമ്പിൽ നിന്നുള്ള പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പൊലീസ് വാടകയ്ക്ക് എടുത്ത വണ്ടിയായിരുന്നു ഇത്. തൊട്ടുപിന്നാലെ തൃശ്ശൂർ എആർ ക്യാമ്പിൽ നിന്നുള്ള പൊലീസ് ജീപ്പ് സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന റോണിയെ വാഹനത്തിലേക്ക് കയറ്റാൻ നാട്ടുകാർ ഒരുങ്ങിയെങ്കിലും പൊലീസ് ഇതിന് അനുവദിച്ചില്ല. നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി മറ്റു വാഹനങ്ങൾ തേടിയെങ്കിലും ലഭിച്ചില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 20 മിനിറ്റോളം റോഡിൽ കിടന്ന റോണി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. റോണിയുടെ അച്ഛന്‍ ഫിലിപ്പ് ജോക്കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം, എആർ ക്യാമ്പിൽ നിന്നും വിരമിച്ച എസ് ഐയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പൊലീസ് വാഹനം വെമ്പള്ളിയിലെത്തിയതെന്നും, അതിനാലാണ് പരിക്കേറ്റയാളെ വാഹനത്തിൽ കയറ്റാൻ സാധിക്കാതിരുന്നതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി അറിയിച്ചു.
Comments