ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് എബോള വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം അപ്രതീക്ഷിതമായ വൈറസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ഒബാമ ഭരണ കൂടം സ്വീകരിച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടിയ എബോള വൈറസ് നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തു. ഇവിടെ മാത്രമല്ല മറ്റു പല ലോക രാഷ്ട്രങ്ങളിലും എബോള വൈറസ് ഉയര്‍ത്തിയിരിക്കുന്ന ഭീഷണി ചെറുതല്ല. നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ അതിസൂക്ഷ്മ വൈറസുകള്‍ നാം അധിവസിക്കുന്ന പരിസരങ്ങളില്‍ സജീവമായി പ്രവര്‍ത്തന നിരതമാണെന്നുളള യാഥാര്‍ത്ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല ജീവനുപോലും ഭീഷണി ഉയര്‍ത്താന്‍ എബോള വൈറസുകള്‍ പര്യാപ്തമാണ്. ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനു ശുചിത്വം, പരിസര മലിനീകരണം ഒഴിവാക്കല്‍, ഇടവിട്ടുളള വൈദ്യപരിശോധനകള്‍, ആവശ്യാനുസരണം ഔഷധങ്ങള്‍ തുടങ്ങിയവ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. രോഗം നമ്മെ കീഴടക്കുന്നതിന് അവസരം നല്കുന്നതിനു മുന്‍പ് പ്രതിരോധ മാര്‍ഗ്ഗങ്ങളും നിതാന്ത ജാഗ്രതയുമാണ് അപകടകാരികളായ വൈറസിനെ തുരത്തുന്നതിനുളള പ്രധാന ആയുധങ്ങള്‍.
എബോള പോലുളള മാരക വൈറസുകള്‍ക്ക് നമ്മുടെ ശരീരത്തെ മാത്രമേ ആക്രമിച്ചു കീഴടക്കാനാകൂ. ഇതിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ മനുഷ്യ മനസില്‍ സൃഷ്ടിക്കുവാന്‍ കഴിയും വൈറസുകള്‍ വിവിധ രൂപത്തില്‍, ഭാവത്തില്‍, സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നു. മദ്യം, മയക്കു മരുന്ന്, സ്വവര്‍ഗ്ഗ വിവാഹം, വിവാഹ ബന്ധം വേര്‍പെടുത്തല്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്.
ലോക സൃഷ്ടിയുടെ ആരംഭത്തില്‍ എദന് തോട്ടത്തില്‍ സുഖ സുന്ദര ജീവിതം നയിച്ചിരുന്ന ആദിമ മാതാപിതാക്കളായ ആദം- ഹവ്വാ ദമ്പതിമാരുടെ ജീവിതത്തില്‍ നുഴഞ്ഞു കയറിയ സര്പ്പമെന്ന വൈറസായിരുന്നു. വൈറസിന്റെ ആക്രമണത്തില്‍ തകര്ത്തെറിയപ്പെട്ടത് ദൈവവും മനുഷ്യനും തമ്മില്‍ നിലനിന്നിരുന്ന അനശ്വര ബന്ധമാണ്. ലോകാരംഭത്തില് തന്നെ വിജയഭേരി മുഴക്കിയ വൈറസിന്റെ ജൈത്രയാത്ര ആധുനിക കാലഘട്ടത്തിലും അഭംഗുരം(അനസ്യൂതം) തുടരുന്നു.
മദ്യവും മയക്കുമരുന്നും എന്ന മാരകമായ വൈറസ് എത്ര കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര വ്യക്തി ജീവിതങ്ങളെയാണ് ഇതു മരണത്തിന്റെ പിടിയിലേക്ക് അനായാസം വലിച്ചിഴച്ചത്.
സ്വവര്‍ഗ്ഗ വിവാഹം എന്ന വൈറസ് പരമ്പരാഗത വിവാഹം സങ്കല്പത്തെ കടപുഴകിയെറിഞ്ഞില്ലേ ? വിവാഹം എന്ന പരിശുദ്ധ കൂദാശയിലൂടെ സാന്തന പുഷ്ടിയുളളവരായി തീരുവാന്‍ എന്ന വൈദീക കല്പന ലംഘിക്കുന്നതിനല്ലേ ഈ വൈറസ് പ്രേരണ നല്‍കുന്നത്. അമേരിക്കയിലെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ ആധിപത്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ജീവിതാന്ത്യം നിലനില്ക്കേണ്ട ദാമ്പത്യ ബന്ധത്തെ ഡൈവേഴ്സ് എന്ന വൈറസ് ആക്രമിച്ചു കീഴടക്കുന്നത് നിര്‍വികാരതയോടല്ലേ പലരും നോക്കി കാണുന്നതും മൗനാനുവാദം നല്‍കുന്നതും. മാതാപിതാക്കളുടെ പ്രവര്‍ത്തികള്‍ മാതൃകയായി സ്വീകരിക്കുന്ന യുവതലമുറ ഡേറ്റിങ് എന്ന ആധുനിക വൈറസിന് കീഴടങ്ങുന്നു. ധാര്‍മ്മിക അധഃപതനവും മൂല്യച്യുതിയും ഫണം വിടര്‍ത്തിയാടുന്ന ഒരു സാമൂഹ്യ സൃഷ്ടിയല്ലേ ഇതിലൂടെ ജന്മമെടുക്കുന്നത് ? ഇതിന്റെ ദുരവ്യാപകമായ അനന്തര ഫലങ്ങള്‍ എന്താണെന്ന് പ്രവചിക്കാനാകുമോ ?
കതിര് മണ്ഡപത്തില്‍ നിറഞ്ഞ മനസ്സോടെ മംഗല്യസൂത്രവും ചാര്‍ത്തി, വലതു കരം പിടിച്ചുയര്‍ത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവ മിഥുനങ്ങള്‍ ചുരുങ്ങിയ സമയത്തിനുളളില്‍ പരസ്പരം സംതൃപ്തരാകാതെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുമ്പോള്‍ വ്യഭിചാരം എന്ന വൈറസ് പിടികൂടിയിരിക്കുന്നവര്‍ എന്നല്ലാതെ എങ്ങനെയാണ് അവരെ ആ ദിവസം ബോധനം ചെയ്യുക.
മുകളില്‍ ചൂണ്ടി കാണിച്ച വൈറസുകളുടെ കൂട്ടായ ആക്രമണത്തിന് വിധേയനാകേണ്ടിവന്ന ജീവിതത്തിനടിമയായിരുന്നു ജ്ഞാനികളില്‍ ജ്ഞാനിയും, ഇസ്രായേലിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ മഹാനായ രാജാവുമായി അറിയപ്പെട്ടിരുന്ന സോളമന്റെ ജ്ഞാനവും അതിശ്രേഷ്ഠ വ്യക്തിത്വവും മഹിമയുമെല്ലാം വെളള പാച്ചലില് മണല്‍ തിട്ടകണക്കെ വൈറസുകളുടെ ആക്രമണത്തില്‍ ഒലിച്ചു പോയി. ശ്രേഷ്ഠമായിരുന്ന ജീവിതം അശുദ്ധയിലേക്കും ജാഭിലാഷങ്ങളിലേക്കും മദ്യപാനത്തിലേക്കും വലിച്ചെറിയപ്പെട്ടു. ജഡീകോല്ലാസത്തിനുവേണ്ടി പുറം ജാതികളില്‍ നിന്ന് ധാരാളം സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ദുഷ്ട വൈറസുകള്‍ അമ്മാനമാടിയ സോളമന്റെ ജീവിതം ദയനീയ അന്ത്യന്തിലേക്ക് നയിക്കപ്പെട്ടതായി ചരിത്രം സാക്ഷിക്കുന്നു.
സ്വര്‍ഗ്ഗാനുരാഗം എന്ന വൈറസ് ബാധിച്ച സൊദോം ഗോമോറ എന്നീ സുവര്‍ണ്ണ നഗരങ്ങളുടെ സര്‍വ്വനാശം ചരിത്ര താളുകളില്‍ കറുത്ത ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
അപകടകാരികളായ വൈറസുകളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഇവയുടെ ആക്രമണത്തെ അതി ജീവിച്ച എത്രയോ മഹാത്മാരുടെ ചരിത്രം ആവേശയും പ്രത്യാശയും നല്കുന്നു.
പൂര്‍വ്വപിതാവായ ജോസഫിനെ പൊന്തിഫേറിന്റെ ഭാര്യയുടെ രൂപത്തില്‍ വ്യഭിചാരമെന്ന വൈറസ് ആക്രമിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി ഉറച്ചു നിന്നു, വിശ്വാസത്തിനും, ജീവിത വിശുദ്ധിക്കും, വിശ്വസ്തതയ്ക്കും വേണ്ടി ധീരതയോടെ പോരാടി വിജയം കണ്ടെത്തിയത് അനുകരണീയ മാതൃകയായി അവശേഷിക്കുന്നു.
യെഹൂദാ ബാലന്മാരായ ഗദ്രക്ക്, മേശക്ക്, അദേദനോ എന്നിവര്‍ രാജാവൊരുക്കിയ സ്വാദ് ഭോജനവും, വീഞ്ഞും മദ്യവും തൊടുകയില്ലെന്ന് പ്രതിജ്ഞയെടുത്തപ്പോള്‍ അവരെ ഇല്ലായ്മ ചെയ്യുന്നതിന് ആളി കത്തുന്ന തീച്ചുളയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട വൈറസ് തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിയ ചരിത്രം വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതാക്രമണകാരികളായ വൈറസുകളേയും എങ്ങനെ വിജയ പൂര്‍വ്വം പ്രതിരോധിക്കാനാകും എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളും ഇതില്‍ കുരുങ്ങി തകര്‍ക്കപ്പെടുന്ന സംഭവങ്ങള്‍ എന്തെല്ലാമാണെന്ന് ചൂണ്ടിക്കാണിച്ചുവല്ലോ.
ഈ രണ്ടവസ്ഥാ വിശേഷണങ്ങളും സൂഷ്മമായി വിശകലനം ചെയ്യാം. നമ്മുടെ വ്യക്തിപരമായ സ്ഥാനം എവിടെ നില്ക്കുന്നു ? വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന ആധുനിക ലോകത്തെ ആപത്കരമായ വൈറസുകളുടെ ആക്രമണത്തിന് മനഃപൂര്‍വ്വം വിട്ടുകൊടുക്കുവാനാകുമോ ? അതോ വൈറസുകള്‍ക്കെതിരെ പടപൊരുതി വിജയ കിരീടം നേടാനാകുമോ ? നമ്മെ തുറിച്ചു നോക്കുന്ന അന്ധകാര പൂര്‍ണ്ണമായ ഭാവി, പ്രകാശ പൂരിതമാക്കുവാന്‍ ഒരു ചെറിയ കൈത്തിരിയെങ്കിലും ജ്വലിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമായി. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ പ്രതിജ്ഞയെടുത്ത യഹൂദാ ബാലന്മാരെ മാതൃകയാക്കുന്ന ഒരു യുവതലമുറ ജന്മമെടുത്താല്‍ മാത്രമേ സമൂഹത്തെ വേട്ടയാടുന്ന ഭീകര വൈറസുകളെ പ്രതിരോധിക്കാനാകൂ എന്ന തിരിച്ചറിവ് നാം ഉള്‍ക്കൊളേളണ്ടിയിരിക്കുന്നു. ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നതിന് ഒരു രാസ ത്വരകമായോ ചങ്ങലയെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണികളായോ രൂപാന്തരപ്പെടുവാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.
Comments