അമേരിക്കയില്‍ എത്തിയതിന്റെ തൊട്ടടുത്തദിവസം മുതല്‍ തുടങ്ങിയതാണ് ഷാജി എഡ്വേര്‍ഡ് എന്ന കൊച്ചിന്‍ ഷാജിയുടെ സംഘടനാ പ്രവര്‍ത്തനം. അമേരിക്കയില്‍ കലയും സംസ്‌കാരവും വളര്‍ത്താന്‍ കൊച്ചി പറഞ്ഞയച്ചതാണ് ഷാജിയെ എന്നു പറയുന്നതാകും കൂടുതല്‍ ശരി. മുപ്പതിലധികം വര്‍ഷമായി ഇവിടത്തെ നിറസാന്നിധ്യമായ ഷാജി ഇനി ഫോമയുടെ നേതൃത്വത്തിന്റെ പടിയിറങ്ങുകയാണ്. ങ്കിലും സംഘടനയെ കൈവിടാന്‍ തയാറല്ല. മരിക്കുംവരെ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസൊരുക്കിവച്ചാണ് ഈ പടിയിറക്കം. ഇരുപതു വര്‍ഷത്തെ നിശ്ശബ്ദ സേവനത്തിനുശേഷമാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്നതുതന്നെ. അതായത് തഴക്കവും പഴക്കവും വന്നശേഷം. ഇത്രയും കാലം സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ വളരെ കുറച്ചുമാത്രമേ അമേരിക്കന്‍ മലയാളികളില്‍ ഉണ്ടാകു. അശ്വമേധത്തോട് സംസാരിക്കുമ്പോഴും ഷാജി സംഘടനയുടെ മയാമി കണ്‍വന്‍ഷന്‍ പ്രവര്‍ത്തനവുമായി തിരക്കിലാണ്.
സംഘടനാപ്രവര്‍ത്തനത്തിന്റെ തുടക്കമെങ്ങിനെ?
2000 നു ശേഷം ഫൊക്കാനയില്‍നിന്നും ഇലക്ഷനു മത്സരിക്കാന്‍ ഒരുപാടുപേര്‍ നിര്‍ബന്ധിച്ചെങ്കിലും താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് സുഹൃത്തുക്കളൊക്കെ പറഞ്ഞപ്പോള്‍ മത്സരരംഗത്ത് ഒരുകൈ നോക്കാമെന്നു വച്ചു. പക്ഷേ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു കാരണമായി. 2004 ല്‍ പുതുമുഖമായി മത്സരിച്ചിട്ടും 120ല്‍ 56 വോട്ടുകിട്ടി. 2006 ല്‍ അത് 88 ആയി.
2008 ല്‍ ഫോമ രൂപീകരിച്ച് ശശിധരന്‍ നായരുടെ ഒപ്പം ചേര്‍ന്നു. ഫൊക്കാനയില്‍നിന്ന് ഫോമ രൂപീകരിച്ചപ്പോള്‍ ഉണ്ടായ കേസുകളും, പുതിയൊരു സംഘടന രൂപീകരിക്കുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകളും എല്ലാം തരണം ചെയ്തു. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ കയറി. പിന്നെ പടിപടിയായി കയറ്റം.
സംഘടന, സൗഹൃദം
സംഘടനയാണ് സൗഹൃദങ്ങള്‍ ഉണ്ടാക്കി തന്നത്. എന്നാല്‍ ചീത്തപ്പേരും ഉണ്ടാക്കി തരുന്നുണ്ട്. അതൊന്നും എനിക്ക് വിഷയമല്ല. ഇന്നേവരെ ഞാന്‍ അഞ്ചുപൈസ എടുത്തിട്ടില്ല. കൈയില്‍ നിന്ന് ഒരുപാടു പൈസ പോയിട്ടും ഉണ്ട്. അതൊന്നും പ്രശ്‌നമല്ല. എനിക്കെതിരെ എന്തും പറയാം. എന്നാല്‍ എന്റെ കുടുംബത്തെ തൊട്ട് കളിക്കരുത്. അവര്‍ ഇതിലൊന്നും ഇടപെടാത്തവരാണ്. അങ്ങിനെ വരുമ്പോഴാണ് സൗഹൃദം തകരുന്നത്.
കുടുംബം, പണം?
സംഘടനയില്‍ നേതൃസ്ഥാനത്ത് വരുമ്പോള്‍ പണം ചെലവുണ്ട്. ആ സ്ഥിതി മാറണം. അനാവശ്യമായ സാമ്പത്തിക ചെലവുകള്‍ ഉണ്ടാകുന്നു. അതു മാറ്റണം. നേതാവിന്റെ പണച്ചെലവ് കുടുംബത്തെ ബാധിക്കും. എന്റെ കുടുംബം അതു ശീലിച്ചുപോയി. പക്ഷെ മക്കളും ഭാര്യയും വളരെ സപ്പോര്‍ട്ട് ആണ്. സംഘടനാ പ്രവര്‍ത്തനത്തിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നു.
സംതൃപ്തി?
നാലുവര്‍ഷം നേതൃസ്ഥാനത്തിരുന്നും അല്ലാതേയും ചെയ്ത കാര്യങ്ങള്‍ സംതൃപ്തി തരുന്നതാണ്. ഫോമ പ്രഫഷണല്‍ ആയി പ്രവര്‍ത്തിച്ചതാണ് വന്‍നേട്ടം. തിരുവനന്തപുരം ആര്‍.സി.സി ക്കായി കൂട്ടികളുടെ കാന്‍സര്‍ വാര്‍ഡ് തുടങ്ങാന്‍ ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞത് താന്‍ സെക്രട്ടരിയായിരിക്കുമ്പോഴാണ് എന്നത് അഭിമാനത്തിനപ്പുറം ആശ്വാസം കൂടിയാണ്.
Comments