(ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ എത്ര പേര്‍ മരിക്കുന്നുവെന്നത് ഇന്നു വലിയൊരു സംഭവമല്ലെന്നു തോന്നുമെങ്കിലും ഇവിടെയിറങ്ങുന്ന ദിനപത്രം എടുത്തു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആകെയുള്ള 16 പേജില്‍ ഒന്‍പതു പേജും ചരമവാര്‍ത്ത. ദി സ്റ്റാര്‍ലെഡ്ജര്‍ ന്യൂജേഴ്‌സിയില്‍ വന്ന കാലം മുതല്‍ക്കു ലേഖകന്‍ വായിക്കുന്ന പത്രമാണ്. അതിലാണ് ഒരു ദിവസം ഇത്രയും ചരമവാര്‍ത്തകള്‍ ഉണ്ടായത്. അവരും ഇക്കാര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സിയേഴ്‌സ് എന്ന മാധ്യമകമ്പനിയാണ് ദി സ്റ്റാര്‍ലെഡ്ജര്‍, എന്‍ജെ ഡോട്ട് കോം തുടങ്ങി സംസ്ഥാനത്തുടനീളമുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കായി മരണവാര്‍ത്തകള്‍ നല്‍കുന്നത്. 2001 ലെ വേനല്‍ക്കാലം മുതല്‍ ജെന്നി ടോമാസെല്ലി ഇവര്‍ക്കായി ഒബിച്വറികള്‍ എഴുതുന്നു. മൗണ്ടന്‍സൈഡ് ഓഫീസില്‍ നിന്നും സിയേഴ്‌സ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒബിച്വറികള്‍ ചെയ്യുന്നുണ്ട്, കൊറോണക്കാലത്ത് ഓരോ ദിവസവും മരണ അറിയിപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്, 'എന്നാല്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല', അവര്‍ പറഞ്ഞു.
ഫ്യൂണറല്‍ ഹോമുകളിലെല്ലാം തന്നെ തിരക്കേറിയതിനാല്‍, ശവസംസ്‌കാര ചടങ്ങുകളൊന്നുമില്ല. സംസ്‌ക്കാരം പിന്നീട് എന്ന വരിയാണ് പതിവായി കൊടുക്കുന്നത്. 40 ചരമങ്ങള്‍ മാത്രമാണ് പലപ്പോഴും ഒബിച്വറി പേജില്‍ കൊടുത്തിരുന്നത്. എന്നാലിത് മിക്കദിവസങ്ങളും നാലിരട്ടിയായി. ഒബിച്വറി പേജ് കൈകാര്യം ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിട്ടായെന്നും സ്റ്റാര്‍ ലഡ്ജര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഏപ്രില്‍ 12-ന് ഇറങ്ങിയ പതിപ്പില്‍ സണ്‍ഡേ ദിനപത്രത്തിന്റെ ഒമ്പത് പേജുകളിലായി 109 മരണങ്ങള്‍ ഉള്‍പ്പെടുത്തി. ഒരു വര്‍ഷം മുമ്പുള്ള സ്റ്റാര്‍ലെഡ്ജര്‍ സണ്‍ഡേ പതിപ്പിന് ഒന്നര പേജില്‍ 17 ഓബിറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. '9/11 ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പും അതിനു ശേഷവും ഞങ്ങള്‍ ഇതുപോലൊരു വോളിയം അനുഭവിച്ചിട്ടില്ല,' ടോമാസെല്ലി പറഞ്ഞു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജേഴ്‌സിക്കാരാണ് മരിച്ചത്. ശനിയാഴ്ചയിലെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് 19 അനുബന്ധ മരണങ്ങളുടെ എണ്ണം 4,070 ആണ്.
Comments