പി.പി.ചെറിയാൻ
ഇല്ലിനോയ് ∙ കോവിഡ് വ്യാപനം അതിർവരമ്പുകളില്ലാതെ ജനങ്ങൾക്ക് ദുരിതം വിതച്ച് മുന്നേറുമ്പോൾ, ഈ ദുരന്തത്തിൽ ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പർ വില്ലയിലെ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ രംഗത്തെത്തി. ടെലികോൺഫറൻസുകളിലും പ്രസ്താവനകളിലും മാത്രം ഒതുങ്ങി നിൽക്കാതെ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ചില സംഘടനകളും വ്യക്തികളും മുന്നോട്ടു വന്ന മാതൃക പിന്തുടരുകയാണ് നോൺ പ്രൊഫിറ്റ് ഓർഗനൈസേഷനായ കളേഴ്സ് ഫോർ ചെയ്ഞ്ച് എന്ന ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി അനേസ്യ ആചാര്യയുടെ ശ്രമഫലമായി രൂപം കൊണ്ട സംഘടന.
വിദ്യാലയങ്ങളിലും ആശുപത്രികളിലും അനാഥമന്ദിരങ്ങളിലും അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുന്ന ദൗത്യമായിരുന്നു ആദ്യ സംഘടന ഏറ്റെടുത്തിരുന്നത്. എന്നാൽ മഹാമാരി വന്നതോടെ അതിൽ നിന്നും അൽപം വ്യതിചലിച്ചു ഭക്ഷണ പദാർഥങ്ങൾ, സാനിറ്റൈസേഴ്സ്, പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുമെന്റ് എന്നിവ ശേഖരിച്ചു വിതരണം ചെയ്യുകയാണ് കളേഴ്സ് ഫോർ ചെയ്ഞ്ച് എന്ന സംഘടന. ജനങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് സംഘടനയുടെ സംഘാടകർ അറിയിച്ചു. പ്രകൃതി സംരക്ഷണത്തിനും സംഘടന മുൻഗണന നൽകുന്നുണ്ട്.
Comments