മസ്കിറ്റ് (ഡാലസ്) ∙ ദൈനംദിന ജീവിതത്തിൽ മോഡേൺ ടെക്നോളജിയുടേയും സോഷ്യൽ മീഡിയായുടേയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും അത് പലവിധ ദോഷങ്ങൾക്കും കാരണമാകുമെന്നും ദൈവശാസ്ത്ര പണ്ഡിതനായ സജീവ് വർഗീസ് പറഞ്ഞു.
സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് മസ്കിറ്റ് ചർച്ചിൽ ഡാലസ് വൈഎംഇഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീഡിയ ഫോക്കസ് 2019 ഡാലസ് പരിപാടിയിൽ സോഷ്യൽ മീഡിയായും മോഡേൺ ടെക്നോളജിയും ദൈവ വചനാടിസ്ഥാനത്തിൽ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു സജീവ്. നിതിൻ സ്കറിയ പ്രസംഗം വിവർത്തനം ചെയ്തു.
വിരസത മാറ്റുന്നതിനും അംഗീകാരത്തിനുവേണ്ടി ഒരിക്കൽ പോലും നേരിട്ട് കണ്ടില്ലാത്തവരുമായി മണിക്കൂറുകളോളം സോഷ്യൽ മീഡിയായിൽ ചിലവഴിക്കുന്നവർ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആദ്യമായി നാം അംഗീകാരം ആഗ്രഹിക്കേണ്ടത് ദൈവത്തിൽ നിന്നും പിന്നെ നാം ഉൾപ്പെട്ടു നിൽക്കുന്ന സഭകളിൽ നിന്നും മൂന്നാമതായി നാം ഉൾപ്പെടുന്ന കുടുംബങ്ങളിൽ നിന്നുമാകണം.
മോഡേൺ ടെക്നോളജിയുടെ വളർച്ചക്ക് മുമ്പ് ദൈവം നമുക്ക് നൽകിയിരുന്ന മീഡിയ നമ്മുടെ നാവായിരുന്നു. ഇന്ന് മിക്കവാറുമത് നിശ്ശബ്ദമായിരിക്കുന്നു. സന്ദേശം അയയ്ക്കുന്നതിനും നാം ഇന്ന് സോഷ്യൽ മീഡിയായെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ജേക്കബ്, തോമസ് ബേബി, തോമസ് ജോൺ, ഫിലിപ്പ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
Comments