ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍സിംഗര്‍ യു.എസ്.എ ജൂണിയര്‍ വിജയിയായി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള ഹരി കാപ്പിയൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജയ്‌ഹിന്ദ് ടിവി യു.എസ്.എ അണിയിച്ചൊരുക്കിയ ഈ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഓഗസ്റ്റ് 24-ന് നടന്ന ഗ്രാന്റ് ഫിനാലെയില്‍ രണ്ടാം സ്ഥാനം വിര്‍ജിനിയയില്‍ നിന്നുള്ള കല്യാണി രാധാപിള്ളയും മൂന്നാം സ്ഥാനം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള വീണ ശിവരാമനും നേടി. ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം പ്രഖ്യാപിച്ചിട്ടുള്ള ഈ ഷോയില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ന്യൂയോര്‍ക്കില്‍ നിന്നുള്ള അനുഷ്‌കാ ബാഹുലേയനും, മിഷിഗണില്‍ നിന്നുള്ള ജാസ്‌മിന്‍ ജോസുമാണ്. ഒമ്പതു പേര്‍ മത്സരിച്ച ഗ്രാന്റ് ഫിനാലേയില്‍ തുടര്‍സ്ഥാനങ്ങളില്‍ യഥാക്രമം ടെക്‌സാസില്‍ നിന്നുള്ള സെല്‍വിന്‍ സ്റ്റാന്‍ലി, വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള കാര്‍ത്തിക ഹരിദാസ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ലൊറീന മാത്യു, ന്യൂജേഴ്‌സിയില്‍ നിന്നുള്ള അലക്‌സ് ജോര്‍ജ് എന്നിവരാണ്. ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ടൈസന്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോയില്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്.എ ജൂണിയര്‍ ഗ്രാന്റ് ഫിനാലെ അരങ്ങേറിയത്. അമേരിക്കയില്‍ മലയാളി സമൂഹത്തിനിടയില്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ട ഈ ഗ്രാന്റ് ഫിനാലേയില്‍ മൂന്നു റൗണ്ടുകളിലായി മത്സരിച്ച് ജയിച്ചുവന്ന 9 കുട്ടികളാണ് മാറ്റുരച്ചത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സമ്മതരായ സംഗീതലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. മിസിസ്സ് കുമാരി നായര്‍, മിസിസ്സ് ജാനകി ശര്‍മ, മിസിസ്സ് ഹെലന്‍ ജോര്‍ജ്, പ്രൊഫഷണല്‍ പ്ലേബാക്ക് സിംഗര്‍ ടീന കുന്താലിയ എന്നിവരായിരുന്നു സ്റ്റാര്‍സിംഗര്‍ യു.എസ്.എ ജൂണിയര്‍ ഗ്രാന്റ് ഫിനാലെയുടെ ജഡ്‌ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്. വര്‍ണ്ണാഭമായി നടന്ന ഈ ഷോയുടെ അവതാരക മിസ് നമിതാ വിജയന്‍ ആയിരുന്നു. പാശ്ചാത്യലോകത്ത് മലയാളം എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ പുതിയ ഒരു തരംഗത്തിന് നാന്ദി കുറിച്ചുകൊണ്ടാണ് ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്.എ ജൂണിയര്‍ ഗ്രാന്റ് ഫിനാലെ കൊടിയിറങ്ങിയത്. ഈ ഷോയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ജയ്‌ഹിന്ദ് ടിവി യു.എസ്.എ ഡയറക്‌ടര്‍, പ്രോഗ്രാംസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ജിന്‍സ്‌മോന്‍ പി. സഖറിയയും, ജോയിന്റ് ഡയറക്‌ടര്‍ ജോജി കാവനാല്‍ തുടങ്ങിയവര്‍ക്കൊപ്പം ജയ്‌ഹിന്ദ് ടിവി ടീം അംഗങ്ങളും നേതൃത്വം നല്‍കി.
Comments