ഒക്ലഹോമ സിറ്റി: കുടുംബം സഞ്ചരിക്കുന്ന സക്രാരിയാണന്നും ദേവാലയത്തിലെ പവിത്രമായ സക്രാരിയുടെ സ്ഥാനമാണ് സമൂഹത്തില്‍ കുടുംബത്തിനെന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ വെരി. റവ. ഫാ. ആന്റണി തുണ്ടത്തില്‍. ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലത്തില്‍ നടന്ന ഇടവകമദ്ധ്യസ്ഥരായ തിരുകുടുംബത്തിന്റെ തിരുന്നാളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം പങ്കുവക്കുകയായിരുന്നു അദ്ദേഹം. കുടുംബമാണ് സമൂഹത്തെ വിശുദ്ധീകരിക്കേണ്ടത്. സമൂഹത്തിന്റെ ഭദ്രത കെട്ടുറപ്പുള്ള കുടുംബജീവിതത്തില്‍ അധിഷ്ഠിതമാണന്നും വികാരി ജനറാള്‍ ഓര്‍മ്മിപ്പിച്ചു. തിരുന്നാളിനോടനുബന്ധിച്ചു പ്രധാന ദിവസമായ 25 ന് ഞായാരാഴ്ച ആഘോഷമായ വി.കുര്‍ബാനയും പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ദേവാലയത്തില്‍ നടന്നു. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ മൂന്നു ദിവസത്തെ തിരുന്നാളിന് നേതൃത്വം നല്‍കി. ഇടവകയിലെ കുടുംബയൂണിറ്റുകള്‍ ശനിയാഴ്ച സംഘടിപ്പിച്ച കേരളീയ വിഭവങ്ങളോടുകൂടിയ ഫുഡ്‌സ്ടാളുകള്‍ , വിനോദപരിപാടികളുമായി പ്രത്യേക കാര്‍ണിവല്‍ , ഹോളിഫാമിലി ആര്‍ട്‌സ് ക്ലബും യുവജനങ്ങളും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവയും തിരുന്നാള്‍ മോടിയാക്കി. തിരുന്നാളിന് ശേഷം സണ്‍ഡേ സ്‌കൂള്‍ സി.സി.ഡി വാര്‍ഷിക ആഘോഷങ്ങള്‍ നടന്നു. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ റവ. ഫാ. ആന്റണി തുണ്ടത്തില്‍ പോയ അധ്യയനവര്‍ഷത്തിലെ വിവിധ മത്സരജേതാക്കള്‍ക്കുള്ള പുരസ്‌കാരദാനം നിര്‍വഹിച്ചു. സിസിഡി കോഓര്‍ഡിനേറ്റര്‍ നിമ്മി ജോബി സ്വാഗതം ആശംസിച്ചു, ട്രസ്റ്റിമാരായ ബോബ് കെ മാത്യു , ജോബി ജോസഫ് എന്നിവര്‍ നന്ദി പ്രകാശനം നടത്തി. സ്‌നേഹവിരുന്നോടെയാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായത്. ജോസ് ജോര്‍ജ് തടത്തില്‍ അറിയിച്ചതാണ്.
Comments