`വായ് കീറിയ ദൈവം അന്നവും തരും' എന്ന് പണ്ടത്തെ കാരണവന്മാര്‍ ചൊല്ലാറുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ല എന്നു പറയുമെങ്കിലും നാളിതുവരെ നാം കണ്ടും കേട്ടും കൊണ്ടിരുന്നത് 'പതിരുണ്ട്' എന്ന സത്യമാണ്. അന്നദാതാവായ ദൈവം തമ്പുരാന്റെ നാട്ടില്‍ തലചായ്‌ക്കാന്‍ ഇടമില്ലാത്ത മനുഷ്യപുത്രര്‍ ലക്ഷക്കണക്കിനുണ്ട്. ഒരു സെന്റു ഭൂമിപോലുമില്ലാതെ ഈ ഭൂരഹിതര്‍ അലയുമ്പോള്‍ ഏക്കറുകള്‍ കണക്കിനു ഭൂമികള്‍ കൈവശപ്പെടുത്തി രമ്യഹര്‍മ്യങ്ങളും കോണ്‍ക്രീറ്റ് സൗധങ്ങളും പടുത്തുയര്‍ത്തുകയും കോടികളുടെ നേട്ടം കൊയ്യുകയുമാണ് ഭൂമാഫിയകള്‍ . കഴിഞ്ഞ 1015 വര്‍ഷക്കാലങ്ങള്‍ കൊണ്ട് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേരളം ഭരിച്ചുവെങ്കിലും, ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും മോഹനവാഗ്‌ദാനങ്ങളുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രത്യക്ഷപ്പെടുകയും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്ന കാഴ്‌ചയാണ് പൊതുജനം കണ്ടുകൊണ്ടിരുന്നത്. വാഗ്‌ദാനങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രിമന്ദിരങ്ങളിലും മാളികമുകളിലും സുഖലോലുപരായി അവരങ്ങനെ വാഴുന്നു (ചുരുക്കം ചിലര്‍ പൊതുജന സേവനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് വിസ്‌മരിക്കുന്നില്ല).
ഇവിടെയാണ് മേല്‍ ഉദ്ധരിച്ച പഴഞ്ചൊല്ലിലെ പതിര് തിരിച്ചറിയേണ്ടത്. സെപ്‌തംബര്‍ 30ന് യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി കേരളത്തില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്ന വാര്‍ത്ത ആശാവഹമാണെങ്കിലും, ആ പദ്ധതി എത്രത്തോളം വിജയിക്കും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, പദ്ധതി നടപ്പില്‍ വരുത്തേണ്ടത് കേരള സര്‍ക്കാര്‍ ആണെന്നതു തന്നെ. ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്ന ബൃഹത്തായ പദ്ധതിയെന്നാണ് പറയുന്നതെങ്കിലും, ഇതിനു മുന്‍പും പലരും ചെയ്‌ത അതേ പ്രക്രിയ തന്നെയാണ് ഇപ്പോഴും നടന്നത്. ഇടതും വലതുമൊക്കെ ഭരിക്കുമ്പോള്‍, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, പ്രഖ്യാപിക്കുന്ന ഈ 'ഭവന തന്ത്ര പദ്ധതി' യുടെ ജീവന്‍ ഈയാംപാറ്റയുടേതിനു തുല്യമാണ്. വെറും നൈമിഷികം മാത്രം. 'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍' എന്ന പോലെ ഈ പദ്ധതിയില്‍ പുതുമയൊട്ടില്ലതാനും. സംസ്ഥാനത്തൊട്ടാകെ 2,43,928 ഗുണഭോക്താക്കളെയാണ് ഭൂരഹിതരായി സംസ്ഥാന സര്‍ക്കാര്‍ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്രേ. അവരില്‍ ഒരു ലക്ഷം പേരെ കണ്ടെത്തിയാണ് ഇപ്പോള്‍ ഭൂമി നല്‍കുന്നതെന്നും പറയുന്നു. മലമടക്കുകളിലോ മലഞ്ചെരിവുകളിലോ ഉള്‍ക്കാട്ടിലോ ഉള്ള ഊഷര ഭൂമിയല്ല, നാട്ടിന്‍പുറങ്ങളിലെ ഉര്‍വരതയും പട്ടണങ്ങളിലെ വെളിമ്പ്രദേശങ്ങളുമെല്ലാം പദ്ധതിപ്രകാരം പാവങ്ങള്‍ക്കു ലഭിക്കുമത്രേ ! കേള്‍ക്കുമ്പോള്‍ എന്തൊരു സുഖം ! എന്തൊരാനന്ദം !!
ഭൂപരിഷ്‌കരണ, ലക്ഷം വീട് പദ്ധതികള്‍ക്കു ശേഷം കേരളം നടപ്പാക്കുന്ന വിപ്ലകരമായ പദ്ധതിയാണിതത്രേ ഇത്. ഇതെല്ലാം 2014ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് അറിയാത്തവരാണോ നമ്മുടെ കേരള ജനത ? കൂടുതല്‍ ഭൂമികൈയ്യേറ്റവും സമരങ്ങളും സൃഷ്ടിക്കാനേ ഈ പദ്ധതി ഉപകരിക്കൂ. പദ്ധതിയുടെ മറവില്‍ ഭൂമാഫിയകള്‍ തഴച്ചു വളരുകയും ചെയ്യും. കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കതു മനസ്സിലാകും. ?നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ? എന്നു പാടിപ്പതിപ്പിച്ചു സമരരംഗത്തിറങ്ങിയ കര്‍ഷകത്തൊഴിലാളികളുടെ സംഘബലത്തില്‍ രൂപം കൊണ്ട ആദ്യത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ സര്‍ക്കാര്‍ മുതല്‍ തുടങ്ങിയതാണ് ഭൂമസമരങ്ങള്‍ . കെ.ആര്‍. ഗൗരിയമ്മയുടെ ഭൂപരിഷ്‌കരണത്തിലൂടെ ഈ സമരത്തിനു സാക്ഷാത്‌കാരം ലഭിച്ചപ്പോള്‍, ജന്മിമാരും കുടിയാന്മാരുമായി വിഭജിക്കപ്പെട്ടു കിടന്ന ജനസമൂഹത്തിന്‍റെ ഉച്ചനീചത്വങ്ങളുടെ അതിര്‍ത്തി മാറ്റപ്പെട്ടു എന്നുള്ളത് സത്യം തന്നെ.
അപ്പോഴും ഭൂമിയില്ലാത്തവരുടെ എണ്ണം വളരെ കൂടുതലായിത്തന്നെ നിലനിന്നുവെന്നും ഓര്‍ക്കണം. തുടര്‍ന്നിങ്ങോട്ടു നയിക്കപ്പെട്ട മിച്ചഭൂമി സമരം, മുത്തങ്ങ സമരം, ചെങ്ങറ സമരം തുടങ്ങിയ സമരങ്ങളെല്ലാം ഭൂമിയില്ലാത്തവരുടെ ഭൂസ്വപ്‌നങ്ങള്‍ പൂവണിയിക്കാനുള്ളതായിരുന്നു. പക്ഷെ, ഇടതുവലതു സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും ഈ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കാണാനായില്ല. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഭൂസമരവുമായി പ്രതിപക്ഷ കക്ഷികള്‍ സമര രംഗത്തെത്തി. അതേത്തുടര്‍ന്നാണ് ഭൂമിയില്ലാത്തവര്‍ക്കു ഭൂമി എന്ന പദ്ധതി സംസ്ഥാന റവന്യൂ വകുപ്പ് ആവിഷ്‌കരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നു പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ആ പ്രഖ്യാപനം സാക്ഷാത്‌ക്കരിച്ചു എന്ന മന:പ്പായസം ഉണ്ണുന്നവര്‍ മേല്‌പറഞ്ഞ സമരങ്ങളും ഓര്‍ക്കുന്നത് നന്നായിരിക്കും. ഏകദേശം ഒരു ലക്ഷം പേര്‍ക്ക് ഇപ്പോള്‍ പട്ടയം നല്‍കുമെന്ന പ്രഖ്യാപനം ആശാവഹമാണെങ്കിലും, ആ ഒരു ലക്ഷത്തില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് പട്ടയം ലഭിച്ചാല്‍ അത്രയും നന്ന്. ബാക്കിയുള്ളവരുടെ പട്ടയം പരാതിപ്പെട്ടികളില്‍ പൊടിപിടിച്ചു കിടക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെടുകയും മറ്റൊരു പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്‌താല്‍ ഈ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ചവറ്റുകുട്ടയിലെറിയുമെന്ന് തീര്‍ച്ച.
അതാണല്ലോ കേരളത്തിലെ ഭരണത്തിന്റെ രീതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഭൂനിയമം ലഘൂകരിക്കാന്‍ കഴിയുന്ന സംസ്ഥാനമല്ല കേരളം. ഭൂമിക്കു വളരെയേറെ ദൗര്‍ലഭ്യം നേരിടുന്നതു തന്നെ വെല്ലുവിളിയാണ്. റോഡ് വീതി കൂട്ടാനും റെയ്‌ല്‍വേ ലൈന്‍ ഇരട്ടിപ്പിക്കാനും പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലേതെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും നൂറു മീറ്റര്‍ വരെ വീതിയില്‍ റോഡ് വെട്ടുകയും അതിവേഗ റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ദേശീയ പാതയ്‌ക്കു പോലും 30 മീറ്റര്‍ വീതി മതിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിനു വിഘാതം നില്‍ക്കുന്നത് ഭൂമി ലഭിക്കാനുള്ള ബുദ്ധിമുട്ടാണെന്നാണ് അധികാരികള്‍ പറയുന്നത്. ഇതെല്ലാം ഒരു പരിധി വരെ ശരിയാണെന്നിരിക്കെ, പുതിയ പദ്ധതിപ്രകാരം ഭൂമി ലഭിച്ച ഓരോ ഉപയോക്താവിനും ലഭിച്ച ഭൂമി ഒരു കാലത്തും കൈമോശം വരില്ല എന്ന് എന്താണുറപ്പ്? ഏതായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതു പോലെ, സ്വന്തം മണ്ണില്‍ ഇനി സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കൂടി സാക്ഷാത്‌കരിക്കാന്‍ പുതിയ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.
Comments
Please read Deepika Daily dt. 3- oct-2013 page 6 , about the issues in 3 cent pattaya land and proposal for flat system to solve the issues. Already pass the copy to our Hon. CM and RM of kerala.
Action already in process to construct flat system insted of cheries.