രജിസ്ട്രാർ തെറ്റ് ചെയ്തിട്ടില്ല, നിയമപോരാട്ടത്തിന് സർക്കാരിൻ്റെ പൂർണ പിന്തുണ; വിസിയുടേത് ഫാസിസ്റ്റ് നിലപാട്: മന്ത്രി ആർ. ബിന്ദു

    0

    കേരള സർവകലാശാല രജിസ്ട്രാറുടെ നിയമപോരാട്ടത്തിന് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ന്യൂസ് മലയാളത്തോട് പറഞ്ഞു. രജിസ്ട്രാർ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വിസി മോഹനൻ കുന്നുമ്മലിൻ്റേത് ഫാസിസ്റ്റ് നിലപാടെന്നും മന്ത്രി പറഞ്ഞു.

    “വൈസ് ചാൻസലർ അദ്ദേഹത്തിൻ്റെ അധികാര പരിധിയിൽ വരാത്ത കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അമിതാധികാര പ്രയോ​ഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാ​രം വിസിക്കില്ല. രജിസ്ട്രാറുടെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. അതുകൊണ്ട് തന്നെ വിസിക്കതിൽ അധികാരമില്ല. മതനിരപേക്ഷയിടമായി മുന്നോട്ട് പോകേണ്ടയിടമാണ് സർവകലാശാലകൾ. അവിടെ ആർഎസ്എസിൻ്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതോടെ വിദ്യാർഥി സമൂഹം ഉൾപ്പടെയാണ് പ്രതിഷേധിച്ചത്. കൂടുതൽ സംഘർഷത്തിലേക്ക് പോകുമായിരുന്ന സാഹചര്യം ഒഴിവാക്കാനാണ് രജിസ്ട്രാർ ചെയ്തത്. അത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തമാണ്”, മന്ത്രി ആർ. ബിന്ദു പറഞ്ഞു.

    ഇതേ വൈസ് ചാൻസിലർ പലവട്ടം കലാപമുണ്ടാക്കാൻ ശ്രമിച്ചയാളാണ്. അയോധ്യയിലെ ശിലാന്യാസത്തില്‍ പങ്കെടുത്ത് വന്നതിനു പിന്നാലെ നേടിയതാണ് വിസി പദവിയെന്നും മന്ത്രി വിമര്‍ശിച്ചു. കേന്ദ്രസർക്കാരും ആർഎസ്എസും ചേർന്ന് കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നു. കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല. ആര്‍എസ്എസിന്റെ ബിംബങ്ങളെ കേരളത്തിന്റെ പൊതു ഇടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    അതേസമയം, കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിസി മോഹനൻ കുന്നുമ്മലിൻ്റേത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണ്. രജിസ്ട്രാർക്ക് പത്ത് ​ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാൻ പോലും വിസിക്ക് അധികാരമില്ല. വിഷയത്തിൽ പരമാവധി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയത്. ഗവർണറുടെ കൂലി തല്ലുകാരനെ പോലെയാണ് വിസി പെരുമാറുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

    കേരളം പിടിച്ചടക്കാം എന്ന മട്ടിലാണ് രാജേന്ദ്ര അർലേക്കർ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നത്. ഇത് കേരളമാണ്, ഇതൊന്നും ഇവിടെ അനുവദിച്ചു നൽകില്ല. പണ്ട് ഇന്നയാൾ ഗവർണർ എന്ന് പറയുമ്പോൾ അഭിമാനം ആയിരുന്നു. ഇന്ന് ആളുകൾ ശ്ശോ എന്ന് പറഞ്ഞ് തലയിൽ കൈ വയ്ക്കുന്നു, മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version