‘ദ അമേരിക്ക പാര്‍ട്ടി ‘ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

    0

    ഡോണള്‍ഡ് ട്രംപുമായി ഉടക്കിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പൗരന്‍മാര്‍ക്ക് സ്വാതന്ത്രം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക്. പ്രഖ്യാപനം ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായതിന് പിന്നാലെയാണ് പ്രഖ്യാപനം.

    പാഴ്‌ച്ചെലവും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന കാര്യം വരുമ്പോള്‍, അമേരിക്കക്കാര്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ല, മറിച്ച് ഒരു ഏകകക്ഷി സംവിധാനത്തിലാണെന്നും മസ്‌ക് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ മസ്‌ക് വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് മസ്‌കിന്റെ പാര്‍ട്ടി പ്രഖ്യാപനം.

    അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സര്‍വേ (poll) മസ്‌ക് കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഇതിന്റെ ഫലം അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു.

    യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക നീക്കമായാണ് ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയത്. യുഎസ് പ്രതിനിധി സഭയില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലും സെനറ്റില്‍ ഒരുവോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലുമാണ് ബില്‍ പാസായത്. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ നിയമത്തില്‍ ഉള്‍പ്പെടുന്നു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version