നിപ ബാധിച്ച നാട്ടുകല്‍ സ്വദേശി ഗുരുതരാവസ്ഥയില്‍; യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

    0

    നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് യുവതിയെ മെഡിക്കല്‍ കോളേജിലെ നിപാ വാര്‍ഡിലേക്ക് മാറ്റിയത്.

    പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം യുവതിയുടെ വീടിന്റെ പരിസരം പരിശോധിച്ചു. വീടിന് സമീപം വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

    മൂന്നാഴ്ച മുന്‍പ് തൊട്ടുള്ള വിവരങ്ങള്‍ പ്രദേശത്ത് നിന്ന് ശേഖരിക്കുകയാണ്. നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇവരുടെ ബന്ധുവായ 10 വയസുകാരന് പനി ബാധിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

    സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണ് ഉള്ളത്. മലപ്പുറത്ത് 228 പേരും, പാലക്കാട് 110 പേരും,കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി കഴിഞ്ഞ ദിവസം ചികിത്സയിരിക്കെ മരിച്ചിരുന്നു.

    നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. നിപ രോഗികള്‍ക്കും ലക്ഷണമുള്ളവര്‍ക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

    പാലക്കാട് ജില്ലയില്‍ നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ച 6 വാര്‍ഡുകളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. അതെ സമയം വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version