നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ, ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും

    0

    നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും. ഹർജിയെ സംബന്ധിച്ചുള്ള വിവരം അറ്റോർണി ജനറൽ മുഖാന്തരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കുന്നതിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

    ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം, ഈ സാഹചര്യത്തിൽ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഹർജി നൽകിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വളരെ കുറച്ച് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും സുപ്രീംകോടതി ബെഞ്ചിന് മുൻപാകെ മുതിർന്ന അഭിഭാഷകൻ രാഗേന്ത് ബസന്ത്, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ വ്യക്തമാക്കി.

    നാളെ തന്നെ കേസ് പരിഗണിക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. നയതന്ത്ര തലത്തിൽ ഇടപെടൽ സർക്കാർ ശക്തമാക്കിയാൽ വധശിക്ഷ തടയാനാകുമെന്നാണ് ഹർജിക്കാർ വാദിച്ചത്. തുടർന്ന് കേസ് തിങ്കളാഴച്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് സുധാൻഷുധൂലീയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി സംബന്ധിച്ച് വിവരങ്ങൾ എത്രയും വേഗം അറ്റോർണി ജനറൽ മുഖാന്തരം സർക്കാരിനെ അറിയിക്കാനും ഇതിൽ സർക്കാർ സ്വീകരിച്ച നടപടികൾ തിങ്കളാഴ്ച്ച വിശദീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതെസമയം വധശിക്ഷ ഒഴിവാക്കാൻ യമൻ പൌരന്റെ കുടുംബവുമായി ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണ്. യെമനിലുള്ള നിമിഷയുടെ അമ്മ, സാമുവൽ ജെറോം ഭാസ്ക്കരൻ എന്നിവർ ഇതിനായുള്ള നടപടികൾ വേഗത്തിലാക്കുന്നുണ്ട്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version