Home Sports ലോര്‍ഡ്സ് ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് 4 ലോക റെക്കോര്‍ഡുകള്‍, ഇതില്‍ മൂന്നും ബ്രാഡ്മാന്‍റെ പേരിലുള്ളത്!

ലോര്‍ഡ്സ് ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് 4 ലോക റെക്കോര്‍ഡുകള്‍, ഇതില്‍ മൂന്നും ബ്രാഡ്മാന്‍റെ പേരിലുള്ളത്!

0

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കമാകുമ്പോള്‍ ചരിത്രനേട്ടത്തിന് അരികെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. മൂന്നാം ടെസ്റ്റിലും ബാറ്റിംഗില്‍ തിളങ്ങിയാല്‍ നാലു ലോക റെക്കോര്‍ഡുകളാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണവും സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍റെ പേരിലുള്ളതാണ്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ലോര്‍ഡ്സ് ടെസ്റ്റിനിറങ്ങുമ്പോള്‍ ഗില്ലിന്‍റെ മുന്നിലുള്ള ആദ്യ റെക്കോര്‍ഡ്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് മാത്രം 585 റണ്‍സടിച്ച ഗില്ലിന് മൂന്നാം ടെസ്റ്റില്‍ 226 റണ്‍സ് കൂടി നേടിയാല്‍ 1936-37 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റനായ ഡോണ്‍ ബ്രാഡ്മാന്‍ നേടിയ 810 റണ്‍സിന്‍റെ റെക്കോർഡ് മറികടന്ന് ഒന്നാമനാവാം. ഇനിയുള്ള ആറ് ഇന്നിംഗ്സുകളില്‍ 226 റണ്‍സ് നേടിയാലും ഗില്ലിന് ബ്രാഡ്മാനെ മറികടക്കാന്‍ അവസരമുണ്ട്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ബ്രാഡ്മാന്‍റെ റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ള രണ്ടാമത്തെ റെക്കോര്‍ഡ്. അതിലേക്ക് പക്ഷെ ഗില്ലിന് കുറച്ചു കൂടി ദൂരമുണ്ട്. ലോര്‍ഡ്സില്‍ അതിന് കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിലും ഈ നേട്ടം സ്വന്തമാക്കാന്‍ ഗില്ലിന് അവസരമുണ്ട്. നിലവില്‍ 585 റണ്‍സുള്ള ഗില്ലിന് ബ്രാഡ്മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വേണ്ടത് 390 റണ്‍സാണ്. 1930 ആഷസ് പരമ്പരയിലാണ് ബ്രാഡ്മാന്‍ 974 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്. ബര്‍മിംഗ്ഹാമില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ഗില്‍ ആ ടെസ്റ്റില്‍ മാത്രം 430 റണ്‍സ് നേടിയതിനാല്‍ ലോര്‍ഡ്സില്‍ തന്നെ ബ്രാഡ്മാന്‍റെ റെക്കോര്‍ഡ് ഗില്‍ മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ക്യാപ്റ്റനായി അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന ബാറ്ററെന്ന ബ്രാഡ്മാന്‍റെ മറ്റൊരു റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ള മൂന്നാമത്തെ ലോക റെക്കോര്‍ഡ്. ക്യാപ്റ്റനായി 11 ഇന്നിംഗ്സില്‍ നിന്നാണ് ബ്രാഡ്മാന്‍ 1000 റണ്‍സ് തികച്ചത്. എന്നാല്‍ ക്യാപ്റ്റനായി വെറും നാല് ഇന്നിംഗ്സില്‍ നിന്ന് മാത്രം ഗില്‍ 585 റണ്‍സ് നേടിക്കഴിഞ്ഞു. ബ്രാഡ്മാനെ പിന്നിലാക്കാന്‍ ഇനിയുള്ള ഏഴ് ഇന്നിംഗ്സില്‍ വേണ്ടത് 415 റണ്‍സാണ്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ള മറ്റൊരു ലോക റെക്കോര്‍ഡ്. 1955ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് സെഞ്ചുറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ടിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഇതുവരെ മൂന്ന് സെഞ്ചുറികള്‍ നേടിയ ഗില്ലിന് അവശേഷിക്കുന്ന ആറ് ഇന്നിംഗ്സില്‍ മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കാനാവും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബാറ്ററും അഞ്ച് മത്സര പരമ്പരയില്‍ 1000 റണ്‍സ് തികച്ചിട്ടില്ല. സാക്ഷാല്‍ ബ്രാഡ്മാന് പോലും കഴിയാത്ത നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ ഗില്ലിന് മുന്നിലുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version