പതിനഞ്ച് വര്‍ഷം കൊണ്ട് 12 ഇരട്ടി വര്‍ധന;ലോട്ടറി വരുമാനത്തിൽ ലാഭം കൊയ്‌ത് സംസ്ഥാന സർക്കാർ!

    0

    സംസ്ഥാനത്ത് ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. സംസ്ഥാനത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് 12 ഇരട്ടി വര്‍ധനയാണ് ലോട്ടറി വരുമാനത്തില്‍ ഉണ്ടായത്.

    2011- 12 സാമ്പത്തിക വര്‍ഷത്തില്‍ 1,711 കോടിയായിരുന്നു ലോട്ടറിയില്‍ നിന്നുള്ള വരുമാനം. 2025 ആയപ്പോഴേക്കും അത് 12,711 കോടിയായി വര്‍ധിച്ചു. ആകെ ലോട്ടറി വരുമാനത്തിന്‍റെ 17 ശതമാനത്തോളം തുകയാണ് സംസ്ഥാന ഖജനാവില്‍ എത്തുക.

    കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ കേരളത്തിലെ ലോട്ടറി വിൽപ്പനയും വരുമാനവും പടിപടിയായി ഉയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷം വരുമാനം അയ്യായിരം കോടി കടന്നു.

    2019-20 സാമ്പത്തിക വര്‍ഷം 9972 കോടി വരുമാനത്തിൽ 2020-21ൽ 4910 കോടിയായി ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ തുടര്‍വര്‍ഷങ്ങളിൽ കുതിപ്പ് തുടര്‍ന്നു കൊണ്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം ആദ്യമായി പതിനായിരം കോടി കടന്നു.

    കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും പന്ത്രണ്ടായിരം കോടിക്ക് മുകളിലാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം. ഓണം, വിഷു ബംപറുകളില്‍ നിന്നുള്ള വരുമാനത്തിലും വലിയ വര്‍ധനയാണ് ഇക്കാലയളവുകളിൽ രേഖപ്പെടുത്തിയത്.

    ഓണം ബംപറില്‍ നിന്ന് മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും 250 കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചു. 10 വര്‍ഷത്തിനിടെ 2018 ല്‍ മാത്രമാണ് ഓണം ബംപറില്‍ നിന്നുള്ള വരുമാനം 100 കോടിക്ക് താഴെ പോയത്. പ്രളയം ദുരിതം വിതച്ച 2018 ല്‍ 96 കോടി രൂപയായിരുന്നു ലോട്ടറിയില്‍ നിന്നുള്ള വരുമാനം.

    വിഷു ബംപറില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സാമ്പത്തിക വര്‍ഷം പോലും നൂറ് കോടി കടന്നില്ല. ആകെ വരുമാനത്തില്‍ നിന്ന് നികുതി കിഴിച്ചുള്ള ബാക്കി സംഖ്യയില്‍ 60 ശതമാനം തുക സമ്മാനത്തിനായി ചിലവാക്കും. സ്റ്റേറ്റ് ജിഎസ്‌ടി ഉള്‍പ്പെടെ 17 ശതമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുക. ബാക്കി തുക വില്‍പ്പനക്കാര്‍ക്കും ഏജന്‍റുമാര്‍ക്കുമുള്ള കമ്മീഷനായി നൽകും.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version