‘ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം’; അനുകൂലിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

    0

    ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത് – അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഓഫീസറുമായി ഇന്ന് സംസാരിച്ചു. അദ്ദേഹം പ്രണാമം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു പ്രണാമം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ഥാനത്തുനിന്ന് തെറിക്കും. അതുകൊണ്ട് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇതാണ് പലരുടെയും സംസ്‌കാരം. രാജ്യത്തിന്റെ ശരിയായ സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നത് ബാലഗോകുലം പോലെയുള്ള സംഘടനകളാണ്. നമ്മുടെ സംസ്‌കാരം എല്ലാ സംസ്ഥാനങ്ങളിലേക്കും പകരണം. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അത് വേണ്ട എന്ന് പറയുന്നത്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ പ്രണാമം എന്ന് പറയുന്നതും നിരോധിക്കണം – ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

    അതേസമയം, സ്‌കൂളുകളിലെ പാദപൂജ വിവാദത്തില്‍ രാഷ്ട്രീയ പോര് കനക്കുകയാണ്. ആലപ്പുഴയില്‍ സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ തെരുവില്‍. ഗുരുക്കളെ ബഹുമാനിക്കാന്‍ ആര്‍എസ്എസ് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. പാദപൂജ നടത്തിയ സ്‌കൂളുകളിലേക്ക് നാളെ ഇടത് വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

    ആര്‍ലേക്കറിനെ വിഷയത്തില്‍ വിമര്‍ശിച്ച് കെഎസ്‌യു രംഗത്തെത്തി. പാദപൂജ ഭാരത സംസ്‌കാരമാണ് എന്ന ഗവര്‍ണ്ണറുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം ‘ഭാരത സംസ്‌കാരമല്ല ആര്‍എസ്എസ് സംസ്‌കാരമാണെന്നും, ഗവര്‍ണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവര്‍ത്തിയെ അംഗീകരിക്കാന്‍ കഴിയില്ലന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version