ലോക്ഡൗണിനിടെ കമ്യൂണിറ്റി കിച്ചണിൽ സഹായിക്കാനെന്ന പേരിൽ നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം കളമശേരിയിൽ നഗരസഭയുടെ സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ നടി എത്തിയപ്പോൾ പൊലീസ് തിരിച്ചയച്ചിരുന്നു. കലൂരിൽ മറ്റൊരു സമൂഹ അടുക്കളയിൽ നടൻ ബാല എത്തിയത് ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ വിഡിയോ പകർത്തി നടൻ 1500 പേർക്ക് ഭക്ഷണം നൽകുന്നു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് വാർത്തയായതോടെ പൊലീസ് തന്നെ വിളിച്ച് ഇത് വസ്തുതയില്ലെന്നും പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ഭക്ഷണ വിതരണമെന്നും വിശദീകരിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതികൾ തയാറാക്കുന്നതു കാണാനും സഹായിക്കാനുമാണ് താൻ എത്തിയത് എന്നായിരുന്നു കളമശേരിയിൽ എത്തിയ നടി ഇനിയയുടെ വിശദീകരണം. എന്നാൽ അടുക്കളയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആർക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് നടി വിഷു ദിനത്തിലേയ്ക്ക് വിതരണം ചെയ്യുന്നതിനായി 150 ഭക്ഷണക്കിറ്റുകൾ പൊതു പ്രവർത്തകർക്ക് കൈമാറി. ഓരോ കിറ്റിലും 500 രൂപയുടെ ഭക്ഷ്യ സാധനങ്ങളാണുള്ളത്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ അടുക്കളയുടെ ചെലവുകൾ സ്പോൺസർ ചെയ്ത് ഏതാനും സിനിമാ പ്രവർത്തകർ മുന്നോട്ടു വന്നെങ്കിലും പേര് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് താൽപര്യമില്ലെന്നാണ് അറിയിച്ചിരുന്നു. ചില നടൻമാർ കഴിഞ്ഞ ദിവസം സമൂഹ അടുക്കള സന്ദർശിക്കുകയും അവിടെ ജോലി ചെയ്യുന്നവർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു.
Comments