കോട്ടയം മെഡിക്കൽ കോളേജിലെ അപകട മരണത്തിൽ സർക്കാറിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും എതിരായ പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ് . ആരോഗ്യ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് . കേരളത്തിൽ സർക്കാരില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി . ബിന്ദുവിന്റെ മരണത്തിൽ കടുത്ത ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി,സർക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ആയുധമായിരുന്നു . ആരോഗ്യ വകുപ്പിനെതിരെ തുടർച്ചയായി ഉയർന്നിരുന്ന പരാതികളും ആരോപണങ്ങളും യു ഡി എഫ് നേതാക്കൾ അതിശക്തമായി നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചു . ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിലിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകട മരണം ഉയർത്തി സർക്കാറിനെയും ആരോഗ്യ വകുപ്പിനെയും കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം . ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാണ് ആവശ്യം.
ബിന്ദുവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു . അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട് കോൺഗ്രസ് . മരണത്തിന് ഉത്തരവാദി സർക്കാറാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു . കൊടിയ അനാസ്ഥയാണ് ആശുപത്രിയിൽ ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പ്രതികരിച്ചു.
ജനങ്ങളുടെ ജീവൻ അപകടാവസ്ഥയിലാക്കിയ ആരോഗ്യ മന്ത്രി പദവിയിൽ തുടരാൻ പാടില്ലെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. മെഡിക്കൽ കോളേജിലെ അപകടം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും . ബിന്ദുവിന്റേത് ദുരഭിമാനക്കൊലയാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.