കഴിഞ്ഞ ഏതാനും ദിവസങ്ങളായി നോർത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മഴ നാശം വിതയ്ക്കുകയാണ്. നദികളിൽ ജലനിരപ്പുയർന്നത് പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമായി. ഹിമാചൽ പ്രദേശിൽ തുടർച്ചയായി ഉണ്ടായ മേഘ വിസ്ഫോടനങ്ങളിലും മണ്ണിടിച്ചിലിലുമായി 69 പേർ മരിച്ചു. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ജൂലൈ ഏഴ് വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതുവരെ 300 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് അതുവരെ 11 മേഘ വിസ്‌ഫോടനങ്ങളും, നാല് മിന്നല്‍ പ്രളയവും നിരവധി ഉരുള്‍പൊട്ടലുകളുമാണ് ഹിമാചലിലുണ്ടായത്.കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്.തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്തെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും അപകടങ്ങളുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 400-ലധികം റോഡുകള്‍ അടച്ചു.
ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ് . മലയോര മേഖലകളിൽ ശക്തമായ മഴ മുന്നറിയിപ്പുളളതിനാൽ അതീവ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചാർദാം യാത്ര താത്ക്കാലികമായി നിർത്തിവെച്ചു . മലയോര ജില്ലകളിലും കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായി.
അളകനന്ദാ നദി കര കവിഞ്ഞ് ഒഴുകിയതോടെ രുദ്രപ്രയാഗിലെ ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലായി. 15 അടി ഉയരമുള്ള രുദ്രപ്രയാഗിലെ ശിവ പ്രതിമ പ്രളയത്തില്‍ മുങ്ങി. ഹിമാചലില്‍ വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും കൂടുതല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.