യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കിയേക്കും

    0

    യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കിയേക്കും. ഉത്തരവില്‍ യെമന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് വിവരം. അതേസമയം വിദേശ കാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

    നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി വന്നതായി യെമനിലെ മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജെറോം ആണ് അറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായി ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നു. എന്നാൽ നിമിഷ പ്രിയയുടെ അമ്മയ്ക്ക് ഇതു സംബന്ധിച്ച വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ല.

    പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ അത് യെമനില്‍ ക്ലിനിക്ക് തുടങ്ങുന്നതിന് ലൈസന്‍സ് സംഘടിപ്പിക്കാന്‍ തയ്യാറാക്കിയ താല്‍ക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.

    മാത്രവുമല്ല തലാല്‍ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും. ജയിലില്‍ നിന്ന് പുറത്തുവന്നതോടെ തലാല്‍ കൂടുതല്‍ ഉപദ്രവകാരിയായി മാറുകയായിരുന്നു.

    ഒടുവില്‍ ജീവിന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്‌തേഷ്യക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിന്റെ മൃതദേഹം നശിപ്പിക്കാന്‍ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.

    പിന്നീട് നിമിഷ ക്ലിനിക്കില്‍ നിന്നു മാറി മറ്റൊരു ആശുപത്രി ജോലിക്കു ചേര്‍ന്നു. അതേ സമയം തലാലിനായി ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പത്രത്തില്‍ നിമിഷയുടെ ചിത്രം കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് നടപടികള്‍ ആരംഭിച്ചു.2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version