“ഗവർണർ സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു”; സർവകലാശാല ആസ്ഥാനങ്ങളിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധക്കടൽ

    0

    സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്നാരോപിച്ച് സംസ്ഥാനത്തെ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷം. കേരള സർവകലാശാലയിൽ പൊലീസിനെ നിഷ്ക്രിയരാക്കി ബാരിക്കേഡ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിന് അടുത്തേക്ക് ഇരച്ചുകയറി. കണ്ണൂർ, കാലിക്കറ്റ്, എംജി സർവകലാശാല ആസ്ഥാനങ്ങളിലേക്കും വൻ പ്രതിഷേധമുണ്ടായി. സമരത്തുടർച്ച പ്രഖ്യാപിച്ച് മറ്റന്നാൾ സർവ്വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തും.

    ചാൻസലർക്കും വൈസ് ചാൻസിലർക്കും എതിരെ കേരള സർവകലാശാലാ ആസ്ഥാനത്ത് ഇന്നുണ്ടായത് ഇതുവരെ കണ്ടിട്ടില്ലാത്ത വൻ പ്രതിഷേധവും സംഘർഷവുമാണ്. പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസിന്റെ കണക്ക് തെറ്റിച്ച് കൂട്ടത്തോടെ ബാരിക്കേഡ് ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറി. പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചതോടെ പലവഴിക്ക് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയുടെ അകത്തേക്ക് കയറി. ഏറെ നേരം നീണ്ട കയ്യാങ്കളിക്കൊടുവിൽ പ്രധാനവാതിൽ തള്ളിത്തുറന്ന് പ്രവർത്തകർ കൂട്ടത്തോടെ അകത്തേക്ക് കയറി. വൈസ് ചാൻസലറുടെ ചേംബറിനരികെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്നതാണ് പിന്നെ കണ്ടത്.

    എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെയുള്ളവരെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ വീണ്ടും പൊലീസും എസ്എഫ്ഐക്കാരും നേർക്കുനേർ. രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ എസ്എഫ്ഐ പ്രവർത്തകർ പുറത്തേക്കിറങ്ങാൻ തയ്യാറായി. ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസിന് പുറത്തേക്ക് എത്തിക്കാനായത്. പിന്നാലെ സമരത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർവകലാശാലയിലെത്തി. സമരം ഇതേ രീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം. ശിവപ്രസാദ് പറഞ്ഞു.

    എസ്എഫ്ഐ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി. സർവകലാശാല ആസ്ഥാനത്തെ വാതിലും ജനൽചില്ലുകളും അടിച്ചു തകർത്ത പ്രവർത്തകർ വൈസ് ചാൻസിലറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് വലയം ഭേദിച്ച് അകത്തുകടന്ന പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

    കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ഒരു വിഭാഗം പ്രവർത്തകർ വൈസ് ചാൻസിലറുടെ ഔദ്യോഗിക വസതിയുടെ മതിൽ ചാടി കടന്ന് വീടിനു മുന്നിൽ പ്രതിഷേധിച്ചു. വൈസ് ചാൻസിലർ പി. രവീന്ദ്രന്റെ ഓഫീസിനു മുന്നിലെ ബോർഡിൽ സംഘികൾക്ക് പാദ സേവ ചെയ്തു കൊടുക്കപ്പെടും എന്ന ബോർഡ് സ്ഥാപിച്ചു.

    എംജി സർവകലാശാലയിലേക്കും എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തു. സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഗേറ്റ് ചാടി കടന്ന പ്രവർത്തകർ ബ്ലോക്കിന് മുന്നിൽ പ്രതിഷേധിച്ചു. കേരള സർവകലാശാലയിൽ ഗവർണറും വൈസ് ചാൻസലറും സ്വീകരിക്കുന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. മറ്റന്നാൾ സർവ്വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ചുണ്ടാകും.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version