ജൂലൈ മാസത്തിലെ ആദ്യ പൂർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത് കാണാനാകും. ജൂലൈയിലെ ആദ്യ പൂർണചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ മാനുകൾ അഥവാ ബക്കുകൾക്ക് അവയുടെ കൊമ്പുകൾ വളരുന്നത് ഈ സമയങ്ങളിലാണ്. അതിനാലാണ് ചന്ദ്രന് ബക്ക് മൂൺ എന്ന പേര്. ഇന്ന് ചന്ദ്രൻ അതിൻ്റെ പൂർണതയിലെത്തും. സാധാരണ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായ വലുപ്പത്തിലും നിറത്തിലുമാകും ഇന്ന് ചന്ദ്രൻ പ്രത്യക്ഷപ്പെടുക.
ഇന്ത്യൻ സമയം 7.42ഓട് കൂടിയാണ് ചന്ദ്രോദയം ഉണ്ടാകുക. ഈ സമയത്ത് മനോഹരമായ ചന്ദ്രനെ ആകാശത്ത് ദൃശ്യമാകും. വർഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂർണചന്ദ്രനിൽ ഒന്നും ബക്ക് മൂണായിരിക്കും. ശുക്രനും ശനിയും ഉൾപ്പെടെയുള്ള ഗ്രഹങ്ങൾക്ക് ഒപ്പം പ്രത്യക്ഷപ്പെടുന്നതിനാൽ ഇന്ന് ആകാശത്തൊരുങ്ങുന്നത് ദൃശ്യവിസ്മയം തന്നെ ആയിരിക്കും. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രാദേശിക സമയം രാത്രി 8:53 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രാദേശിക ചന്ദ്രോദയ സമയത്തിൽ വ്യത്യാസമുണ്ടാകും. ചന്ദ്രോദയ വിവരങ്ങള്‍ക്കായി കാഴ്ചക്കാർക്ക് timeanddate.com, in-the-sky.org പോലുള്ള വെബ്സൈറ്റുകളിൽ പരിശോധിക്കാം.
ഓരോ മാസങ്ങളിലെയും പൂർണ ചന്ദ്രൻ ഇപ്രകാരം വ്യത്യസ്തമായ പേരുകളിലാകും അറിയപ്പെടുക. ഇനിയുള്ള മാസങ്ങളിൽ ഓഗസ്റ്റ് 9ന് സ്റ്റർജിയൻ മൂണും, സെപ്റ്റംബർ 7ന് ഹാർവെസ്റ്റ് മൂണും, ഒക്ടോബർ 6ന് ഹണ്ടേഴ്സ് മൂണും, നവംബർ 5ന് ബീവർ മൂണും, ഡിസംബർ 4ന് കോൾഡ് മൂണും കാണാനാകും.