കേരള സർവകലാശാല സസ്പെൻഷൻ വിവാദം: രജിസ്ട്രാർക്കെതിരെ നേരിട്ട് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന തീരുമാനത്തിൽ ഗവർണർ

    0

    കേരള സർവകലാശാലയിൽ അസാധാരണ ഭരണ പ്രതിസന്ധി രൂപപ്പെടുന്നു. രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെതിരെ നേരിട്ട് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന് ഗവർണർ തീരുമാനിച്ചു. നിയമപരമായ തരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുന്നിൽ നിന്നുള്ള പോരിൽ നിന്ന് ഗവർണറുടെ പിന്മാറിയത്. അതേസമയം താത്കാലിക വിസി മോഹനൻ കുന്നുമ്മൽ വഴി രജിസ്ട്രാറുടെ മേലുള്ള പിടി കൂടുതൽ മുറുക്കുകയാണ് രാജ്ഭവൻ. കെ.എസ്. അനിൽ കുമാർ ഒപ്പിട്ട ഫയലുകൾ വിസി തിരിച്ചയച്ചു. താത്കാലിക രജിസ്ട്രാർ മിനി കാപ്പൻ ഒപ്പിട്ട ഫയലുകൾ അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനമടക്കം പിൻവലിക്കാനാണ് വിസിയുടെ നീക്കം.

    കടുത്ത നിലപാടുകളിൽ നിന്ന് പിൻമാറുകയാണ് ഗവർണർ. രജിസ്ട്രാർക്കെതിരെ നടപടി എടുക്കില്ല. സിൻഡിക്കേറ്റ് തീരുമാനം മറികടന്ന് രജിസ്ട്രാർക്കെതിരെ നടപടികളുമായി നീങ്ങിയാൽ നിയമപരമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഗവർണറുടെ പിന്മാറ്റം. ചട്ടപ്രകാരം രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് താരതമ്യേന കൂടുതൽ അധികാരമുണ്ട്. അതുകൊണ്ട് സർവകലാശാലയിലെ വിഷയങ്ങൾ വിസി തന്നെ കൈകാര്യം ചെയ്യുമെന്ന് ഗവർണറുടെ തന്ത്രപരമായ നിലപാട്.

    വിസിക്ക് ഗ്രീൻ സിഗ്നൽ നൽകി ഗവർണർ പിന്നിലേക്ക് മാറിയതോടെ അധികാരമുപയോഗിച്ച് രജിസ്ട്രാറെ വളഞ്ഞുപിടിക്കാനാണ് മോഹൻ കുന്നുമലിൻ്റെ നീക്കം. സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷം ചുമതലയിൽ തിരികെ പ്രവേശിച്ച രജിസ്ട്രാർ കെ. എസ്. അനിൽകുമാർ ഒപ്പിട്ട ഫയലുകൾ മോഹനൻ കുന്നുമ്മൽ തിരിച്ചയച്ചു. എന്നാൽ താൻ നിയോഗിച്ച രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ ഒപ്പിട്ട ഫയലുകൾ അംഗീകരിക്കുകയും ചെയ്തു. വരട്ടെ നോക്കാം എന്നാണ് ഇതിനോട് രജിസ്ട്രാർ അനിൽകുമാറിൻ്റെ പ്രതികരണം.

    ഒപ്പം തൻ്റെ നിർദ്ദേശം മറികടന്ന് രജിസ്ട്രാർ അനധികൃതമായി സർവകലാശാലയിൽ എത്തിയെന്ന് വിസി ചാൻസലറെ ഔദ്യോഗികമായി അറിയിച്ചു. രജിസ്ട്രാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം പിൻവലിക്കാനുള്ള നീക്കവും വിസി തുടങ്ങി. സസ്പെൻഷനിലുള്ള കെ.എസ്.അനിൽ കുമാർ ഔദ്യോഗിക വാഹനം അനധികൃതമായി കൈവശം വയ്ക്കുകയാണെന്ന് കാട്ടി വാഹനം പിൻവലിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് താത്കാലിക വിസി. തൻ്റെ നിർദേശം മറികടന്ന് രജിസ്ട്രാറെ സർവകലാശാല ആസ്ഥാനത്ത് കയറ്റിയ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും മോഹനൻ കുന്നുമ്മൽ ആലോചിക്കുന്നുണ്ട്.

    അതേസമയം ഒപ്പിട്ട ഫയലുകൾ വിസിയുടെ ഓഫീസ് മടക്കിയതിന് ശേഷവും രജിസ്ട്രാർ കെ.എസ്.അനിൽ കുമാർ ഫയലുകൾ നോക്കിത്തുടങ്ങി. ഇല്ലാത്ത അധികാരങ്ങളാണ് വിസി ഉപയോഗിക്കുന്നത് എന്നുകാട്ടി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് തന്നെ കത്ത് നൽകി. താത്കാലിക രജിസ്ട്രാറെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും സിൻഡിക്കേറ്റ് യോഗം ഉടൻ വിളിക്കണം എന്നുമാണ് ആവശ്യം.

    ഇതിനിടെ, വിലക്ക് ലംഘിച്ച് സർവകലാശാലയിൽ പ്രവേശിച്ചു എന്നാരോപിച്ച് രജിസ്ട്രാർക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് പരാതി നൽകി. നിസ്സാര പ്രശ്നത്തിന്റെ പേരിൽ തുടങ്ങിയ സംഘർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല തകരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version