Home Cinema 5 മണിക്കൂര്‍ 27 മിനിറ്റോ! പേടിക്കണ്ട ഒരു ഐപിഎല്‍ മാച്ചിന്റെ സമയമേയുള്ളൂ എന്ന് ബാഹുബലി ടീം

5 മണിക്കൂര്‍ 27 മിനിറ്റോ! പേടിക്കണ്ട ഒരു ഐപിഎല്‍ മാച്ചിന്റെ സമയമേയുള്ളൂ എന്ന് ബാഹുബലി ടീം

0

എസ്.എസ്. രജമൗലി സംവിധാനം ചെയ്ത ഇതിഹാസ പാന്‍ ഇന്ത്യന്‍ ചിത്രം ‘ബാഹുബലി : ദ ബിഗിനിങ്’ പ്രേക്ഷകരിലേക്ക് എത്തിയിട്ട് 10 വര്‍ഷം കഴിയുന്നു. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ രണ്ട് സിനിമകളും സംയോജിപ്പിച്ചുകൊണ്ട് ‘ബാഹുബലി : ദി എപ്പിക്ക്’ എന്ന ചിത്രം സംവിധായകന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ മുതല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.

സമൂഹമാധ്യമത്തില്‍ ബാഹുബലി സിനിമയുടെ ടീം തന്നെ ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടുള്ള രസകരമായൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടീം. 5 മണിക്കൂര്‍ 27 മിനിറ്റാണോ ദൈര്‍ഘ്യമെന്ന് അത്ഭുതത്തോടെ ആരാധകന്‍ ചോദിക്കുകയായിരുന്നു. അതിന്, ‘പേടിക്കണ്ട, നിങ്ങളുടെ മുഴുവന്‍ ദിവസവും ഞങ്ങള്‍ എടുക്കില്ല. ഒരു ഐപിഎല്‍ മാച്ചിന്റെ അതേ സമയമെ സിനിമയ്ക്കും ഉണ്ടാവുകയുള്ളൂ’, എന്നാണ് മറുപടി പറഞ്ഞത്.

പ്രഭാസ് നായകനായി എത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം അമരേന്ദ്ര ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയുടെ കഥയാണ് പറഞ്ഞുവെക്കുന്നത്. രണ്ടാം ഭാഗത്തില്‍ എങ്ങനെ അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ കട്ടപ്പ കൊലപ്പെടുത്തിയെന്ന് പറയുകയും തുടര്‍ന്ന് മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുയും ചെയ്യുന്നു. 2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.

പ്രഭാസിന് പുറമെ, റാണ ദഗുബാട്ടി, രമ്യ കൃഷ്ണ, അനുഷ്‌ക ഷെട്ടി, സത്യരാജ്, നാസര്‍, തമന്ന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. 650 കോടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തത്. രണ്ടാം ഭാഗം 1788.06 കോടിയും നേടി. ‘ദംഗല്‍’ (2016), ‘പുഷ്പ 2: ദി റൂള്‍’ (2024) എന്നിവയ്ക്ക് ശേഷം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനം ബാഹുബലിക്കാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version