Home Travel കൈയില്‍ പണമോ ക്രെഡിറ്റ് കാർഡോ കരുതേണ്ട; ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് യുഎഇയിലേക്കും!

കൈയില്‍ പണമോ ക്രെഡിറ്റ് കാർഡോ കരുതേണ്ട; ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് യുഎഇയിലേക്കും!

0

ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി കൈയില്‍ പണമോ ക്രെഡിറ്റ് കാർഡുകളോ കരുതേണ്ട കാര്യമില്ല. മുഴുവന്‍ ഇടപാടുകളും യുപിഐ ആപ്പ് വഴി നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുമെന്നും ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു. ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയുമായി കൈകോര്‍ക്കുന്നതോടെയാണ് ഇത് യാഥാര്‍ഥ്യമാവുക.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്‌യുമായി ധാരണയാകുന്നതോടെ ഇന്ത്യൻ പ്രവാസികൾക്കും യുഎഇയിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്കും മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയിലുടനീളം യു‌പി‌ഐയുടെ സ്വീകാര്യത വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. യുഎഇയുടെ പ്രാദേശിക പേയ്മെന്റ് സംവിധാനമായ എഎഎന്‍ഐയുമായി യുപിഐയെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നാലുമാസത്തിനകം ദുബായിലെ ടാക്സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

തടസ്സമില്ലാത്ത സേവനം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇയില്‍ യുപിഐയുടെ സ്വീകാര്യതയ്ക്ക് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ആക്കം കൂട്ടുകയാണെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു.

നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്ലെറ്റുകളിൽ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും നേരിട്ട് പണമടയ്ക്കാന്‍ യുപിഐ ഉപയോഗിക്കാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version