കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി വേണമെന്ന് നേതാക്കള്‍; മിണ്ടാതെ ദേശീയ നേതൃത്വം

    0

    കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ-സംസ്ഥാന നേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചുള്ള ലേഖനത്തില്‍ നെഹ്‌റു കുടുംബത്തിനെതിരെയുള്ള കടുത്ത വിമര്‍ശനം ദേശീയ നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേതാക്കള്‍ തന്നെ രംഗത്തെത്തുന്നത്. എന്നാല്‍ തരൂരിന് ബിജെപിയിലേക്കുള്ള വഴി കോണ്‍ഗ്രസ് ആയി ഒരുക്കേണ്ടതില്ല എന്ന നിലപാടിലാണ് നേതൃത്വം.

    കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന് കാണിക്കുന്ന ഒരു സര്‍വേ ഫലം ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ സര്‍വേയെ തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന നേതാക്കള്‍ എല്ലാം തന്നെ രംഗത്തെത്തി. ഇതിന് തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകള്‍ തുറന്നു പറഞ്ഞു കൊണ്ട് ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളില്‍ ശശി തരൂര്‍ ലേഖനം പങ്കുവെച്ചത്.

    ശശി തരൂരിന്റെ ലേഖനം വലിയ അസ്വാരസ്യമാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചത്. നേതാക്കള്‍ ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും തരൂരിനെതിരെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

    ഇന്ദിരാഗാന്ധി അടക്കം നെഹ്‌റു കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച ലേഖനത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ ആകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. തരൂരിനെതിരെ ചില ദേശീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല ബിജെപിയിലേക്ക് പോകാന്‍ ഉള്ള തരൂരിന്റെ നീക്കം ആണോ ഇതെന്നെ സംശയിക്കുന്നവരുമുണ്ട്.

    എന്തായാലും അങ്ങനെ പോകാന്‍ ആണെങ്കില്‍ അതിന് വഴിയൊരുക്കുന്നതിനോട് ദേശീയ നേതൃത്വത്തിന് യോജിപ്പില്ല. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമ്പോള്‍ ഒരു പക്ഷേ ഇക്കാര്യത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നേക്കും രാഹുല്‍ഗാന്ധി തന്നെ ഇതിനെക്കുറിച്ച് ശശിതരൂനോട് ചോദിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. അതേസമയം ശശി തരൂരിന്റെ മനസ്സില്‍ എന്താണെന്ന് അറിയാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version