Home Sports ടെന്നീസ് താരത്തെ വെടിവെച്ച കൊന്ന കേസിൽ അച്ഛൻ്റെ മൊഴി പുറത്ത്; ...

ടെന്നീസ് താരത്തെ വെടിവെച്ച കൊന്ന കേസിൽ അച്ഛൻ്റെ മൊഴി പുറത്ത്; “മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന പരിഹാസം കേട്ട് മടുത്തു”

0

ടെന്നീസ് താരം രാധിക യാദവിന്റേത് ദുരഭിമാനക്കൊലയെന്ന് എഫ്ഐആർ. മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന കുടുബത്തിന്റെ ആക്ഷേപമാണ് കൊലയ്ക്ക് കാരണമെന്ന് അച്ഛൻ ദീപക് യാദവ് പൊലീസിൽ മൊഴി നൽകി. ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ പല തവണ ദീപക് ആവശ്യപ്പെട്ടെങ്കിലും രാധിക തയ്യാറായിരുന്നില്ല. രാധികയ്‌ക്കെതിരെ ഗ്രാമവാസികൾ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നതായും അച്ഛൻ മൊഴി നൽകി. പ്രതിയുടെ സാമ്പത്തിക ഇടപാടിലേക്കും പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ടെന്നീസ് താരവും 25-കാരിയുമായ രാധിക യാദവിനെ വീട്ടിലെ അടുക്കളയിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ഭക്ഷണം പാകം ചെയ്യുമ്പോൾ  ദീപക് യാദവ് പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നതും എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് പൊലീസും നാട്ടുകാരും.

മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന പരിഹാസം കേട്ട് മടുത്തെന്നാണ് രാധികയുടെ അച്ഛൻ ദീപക് യാദവ് പൊലീസിനോട് പറഞ്ഞത്. “മകളുടെ സമ്പാദ്യം കൊണ്ടാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ആളുകൾ എന്നെ കളിയാക്കി. ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ചിലർ എൻ്റെ മകളുടെ സ്വഭാവത്തെ പോലും ചോദ്യം ചെയ്തു. മകളോട് ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ ഞാൻ പറഞ്ഞെങ്കിലും അവൾ നിരസിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്,”ദീപക് യാദവ് പൊലീസിനോട് പറഞ്ഞു.

സംസ്ഥാനതലത്തിൽ ഒരുപാട് മെഡലുകൾ വാരിക്കൂട്ടിയിട്ടുള്ള ടെന്നീസ് താരമാണ് രാധിക. തോളിന് പരിക്കേറ്റതിനെ തുടർന്ന് കോർട്ട് വിട്ട രാധിക കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടികളെ പരിശീലിപ്പിക്കാനായി ഒരു ടെന്നീസ് അക്കാമി തുടങ്ങിയത്. എന്നാൽ മകളുടെ വരുമാനത്തിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് നാട്ടുകാർ ദീപക് യാദവിനെ പരിഹസിച്ചതോടെ ഈ ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ രാധികയോട് ദീപക് ആവശ്യപ്പെട്ടു. ഈ ആവശ്യം രാധിക നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് മകളെ ദീപക് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

എന്നാൽ ദീപക് യാദവിന്റെ ഭാര്യയും മരിച്ച രാധികയുടെ അമ്മയുമായ മഞ്ജു സംഭവത്തിൽ പരാതിപ്പെട്ടില്ല. തനിക്ക് സുഖമില്ലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇവർ പൊലീസിനോട് മൊഴി നൽകിയത്. പക്ഷേ ദീപക് യാദവിന്റെ സഹോദരൻ കുൽദീപ് യാദവാണ് പൊലീസിൽ വിവരം അറിയിച്ചത്. ചോരയിൽ കുളിച്ചുകിടക്കുന്ന രാധികയെ താനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും എന്നാൽ അവിടെ വച്ച് മരണം സ്ഥിരീകരിച്ചുവെന്നും കുൽദീപ് യാദവ് പറഞ്ഞു. സംഭവത്തിൽ പൊലീസി കേസെടുത്തു. നിലവിൽ ദീപക് യാദവ് പൊലീസ് കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version