ചാണ്ടി ഉമ്മന്റേയും പിസി വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍; കോണ്‍ഗ്രസ് എ ഗ്രൂപ്പ് വീണ്ടും സജീവമാകാനൊരുങ്ങുന്നു

    0

    കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്റെയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തില്‍ പഴയ എ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാന്‍ നീക്കം. കെ.സി. ജോസഫ്, ബെന്നി ബഹനാന്‍, എം.എം. ഹസന്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണ നീക്കത്തിനുണ്ട്.

    യുവ എംഎല്‍എമാരും എം പിമാരും ഗ്രൂപ്പിന്റെ ഭാഗമാകും. ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം അടക്കം ആവശ്യപ്പെടാനാണ് തീരുമാനം. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെ ശക്തമായ വികാരം ഗ്രൂപ്പില്‍ ഉണ്ടെന്നാണ് വിവരം. കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഗ്രൂപ്പ് ഉണ്ടെന്നും ഗ്രൂപ്പ് പാര്‍ട്ടിക്ക് അതീതമാകില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    ‘പാര്‍ട്ടി തന്നെയാണ് വലുത്. പാര്‍ട്ടിക്കപ്പുറം ഒന്നും ഇല്ല. എല്ലാ കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ ഗ്രൂപ്പുകള്‍ ചില ആദര്‍ശങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതൊന്നും പാര്‍ട്ടിക്ക് അതീതമല്ല,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് നിര്‍ജീവമായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മനിലൂടെ വീണ്ടും എ ഗ്രൂപ്പ് സജീവമാകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പഴയ എ ഗ്രൂപ്പിലെ എല്ലാ നേതാക്കളുടെയും പിന്തുണയോടെയാണ് എ ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം. ഡീന്‍ കുര്യാക്കോസ്, റോജി ജോണ്‍ തുടങ്ങിയ യുവ നേതാക്കളും ഇതിനൊപ്പമുണ്ടാകുമെന്നാണ് വിവരം.

    എന്നാല്‍ മുമ്പ് ഉമ്മന്‍ ചാണ്ടിക്കൊപ്പം സജീവമായി നിലകൊണ്ടിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഇവര്‍ക്കൊപ്പമുണ്ടാകില്ല. ഷാഫി പറമ്പില്‍ എംപിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ എംപിക്കുമെതിരെ ഗ്രൂപ്പില്‍ തന്നെ കടുത്ത വിരോധമാണ് ഉള്ളത്. റീല്‍സ് രാഷ്ട്രീയമാണ് ഇരുവര്‍ക്കുമുള്ളതെന്നും അവരവരുടെ കാര്യത്തിന് വേണ്ടി മാത്രമാണ് ഇവര്‍ നിലകൊള്ളുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ വിഡി പക്ഷത്തേക്കും കെസി വേണുഗോപാല്‍ പക്ഷത്തേക്കും ഇരുവരും കാലുമാറിയതായും എ ഗ്രൂപ്പില്‍ വിമര്‍ശനമുണ്ട്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version