യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 30% യുഎസ് താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.
യൂറോപ്യൻ കമ്മീഷനും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ഇരുവിഭാഗത്തിനും സ്വീകാര്യമാകുന്ന താരിഫിലെത്താൻ കുറച്ചുമാസങ്ങളായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു.
ഓഗസ്റ്റ് 1 ന് മുമ്പ് വാഷിംഗ്ടണുമായി ഒരു കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 27 അംഗ യൂറോപ്യൻ യൂണിയൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം.
ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള സാധനങ്ങൾക്കും ഓഗസ്റ്റ് 1 മുതൽ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിപ്പ് നൽകിയിരുന്നു.
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അയച്ച കത്തുകളിൽ, ഏതെങ്കിലും വ്യാപാര പങ്കാളികൾ യുഎസിനെതിരെ ഇറക്കുമതി തീരുവ ചുമത്തി പ്രതികാര നടപടി സ്വീകരിച്ചാൽ, 30% ത്തിൽ കൂടുതൽ താരിഫ് വർധിപ്പിച്ചുകൊണ്ട് തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
ട്രംപിൻ്റെ പ്രഖ്യാപനത്തോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു.”ന്യായമായ ഒരു കരാറിലെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി” ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ജർമൻ കാർ നിർമാതാക്കൾക്കും വിതരണക്കാർക്കും ചെലവ് വർധിക്കാനുള്ള സാധ്യതയെക്കുറിച്ച് ജർമനിയുടെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള ഭീഷണിയുണ്ടെന്നത് ഖേദകരമാണ് അവർ വ്യക്തമാക്കി.
“അതിർത്തി സുരക്ഷിതമാക്കാൻ മെക്സിക്കോ എന്നെ സഹായിച്ചു. പക്ഷേ, മെക്സിക്കോ ചെയ്തത് പര്യാപ്തമല്ല”, ട്രംപ് പറഞ്ഞു. യുഎസുമായി മെച്ചപ്പെട്ട കരാറിൽ എത്തുമെന്നും മെച്ചപ്പെട്ട സാഹചര്യങ്ങൾ കൈവരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഷെയിൻബോം മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു.
യുഎസുമായി ചേർന്ന് എന്തെല്ലാം പ്രവർത്തിക്കാമെന്നും എന്തെല്ലാം ചെയ്യാൻ കഴിയില്ലെന്നും ഞങ്ങൾക്ക് വ്യക്തമാണ്. “ഒരിക്കലും ചർച്ച ചെയ്യപ്പെടാത്ത ഒരു കാര്യമുണ്ട്, അതാണ് നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരം”, ഷെയിൻബോം പറഞ്ഞു.
ഈ ആഴ്ച ആദ്യം, വൈറ്റ് ഹൗസ് കാനഡയ്ക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു കത്ത് അയച്ചിരുന്നു. ഇതുവരെ, ട്രംപ് ഭരണകൂടം 24 രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും മേലുള്ള താരിഫ് വ്യവസ്ഥകൾ നിർദ്ദേശിച്ചിട്ടുണ്ട്.