യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ പി.ജെ. കുര്യന് പിന്തുണയുമായി രമേശ് ചെന്നിത്തല. അദ്ദേഹം പറഞ്ഞത് സദുദ്ദേശ്യത്തോടെ കാണുന്നു. പാർട്ടി യോഗത്തിലാണ് കുര്യൻ പറഞ്ഞത്. ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളെ കൂട്ടണമെന്നും ചെന്നിത്തല പറഞ്ഞു. തരൂർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പി.ജെ. കുര്യനെ തള്ളി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസിന്റേത് സ്തുത്യർഹമായ പ്രവർത്തനമാണെന്നാണ് ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാലയെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐ ഒരു വിദ്യാർഥി സംഘടന അല്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷനെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയുള്ള പി.ജെ. കുര്യന്റെ പരാമർശത്തിനെതിരെ കോൺഗ്രസിൽ നിന്നടക്കം വിമർശനം ഉയരുന്നുണ്ട്.
യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസിലാക്കാത്തത് കൊണ്ടാണ് പി.ജെ. കുര്യൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. യാഥാർത്ഥ്യബോധമില്ലാത്ത പരാമർശമെന്നായിരുന്നു കെ.സി. ജോസഫിന്റെ വാക്കുകൾ.
വിമർശനം ഉന്നയിച്ച അതേ വേദിയിൽ തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പി.ജെ. കുര്യന് മറുപടി നൽകിയിരുന്നു. രാഹുലിൻ്റെ മറുപടിക്കു പിന്നാലെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളും പരാമർശത്തിൽ എതിർപ്പുമായി രംഗത്തുവന്നിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലും പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ നൈനാനും അടക്കമുള്ളവർ രംഗത്തുവന്നു. പെരുന്തച്ചൻ കോംപ്ലക്സുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കരുതെന്നായിരുന്നു ദുൽഖിഫിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പി.ജെ. കുര്യൻ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കേണ്ട പ്രായത്തിൽ പൊലീസിന്റെ ഒരു പിടിച്ചു മാറ്റലിൽ പോലും ഉൾപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ നൈനാനും വിമർശിച്ചു.
യൂത്ത് പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത് എന്നായിരുന്നു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന്റെ പോസ്റ്റ്. ഒരു പടി കടന്നുകൊണ്ടാണ് പത്തനംതിട്ടയിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ പ്രതികരണം. സൂര്യനെല്ലി കേസ് ഓർമപ്പെടുത്തിയായിരുന്നു ബിന്ദു ബിനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രൂക്ഷമായ ഭാഷയിലാണ് മുൻ മന്ത്രി കെ.സി. ജോസഫ് പി.ജെ. കുര്യനെതിരെ രംഗത്തുവന്നത്. യാഥാർത്ഥ്യ ബോധമില്ലാത്ത പരാമർശമെന്നായിരുന്നു കെ.സി. ജോസഫിന്റെ പ്രതികരണം. കുര്യന്റെ വാക്കുകൾ വസ്തുതാ വിരുദ്ധമാണ്. കഴിഞ്ഞ ഒൻപത് കൊല്ലമായി നിരന്തരമായി സമരമുഖത്താണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും. ദാനം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുതെന്നും കെ.സി. ജോസഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പരാമർശത്തിൽ വിവാദം ശക്തമായിട്ടും കുര്യൻ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം കുര്യന്റെ വാക്കുകൾക്കെതിരെ കൂടുതൽ നേതാക്കൾ പരസ്യമായി തന്നെ രംഗത്തുവന്നേക്കും.