ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കഴിഞ്ഞ വർഷം കൊണ്ടുവന്ന പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഹർജികളിലാണ് നടപടി.
നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു.
പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്, പരിശീലന വാഹനങ്ങൾക്ക് ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം, പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത എന്നിങ്ങനെയുള്ള പരിഷ്കരണങ്ങളാണ് ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയിരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിർദേശം. ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കാനായിട്ടാണ് ഈ നടപടി എന്നായിരുന്നു വിശദീകരണം.
കമ്മീഷറുടെ പല നിർദേശങ്ങളും മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കംപ്യൂട്ടറൈസേഷനും മറ്റും ഡ്രൈവിങ് സ്‌കൂളുകൾക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നും ഹർജിക്കാർ വാദിച്ചു. ഡ്രൈവിങ് പരിശീലകർക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അത് കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഗതാഗത വകുപ്പ് ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഭാഗത്ത് നിന്ന് നേരിട്ടത്. ഇടത് സംഘടനകള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ട്രാക്കുകള്‍ പൊലും ശരിയായ വിധം സജ്ജീകരിക്കാതെയാണ് പരിഷ്കരണം എന്നായിരുന്നു വിമർശനം.