നടന്‍ നിവിന്‍ പോളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടന്‍. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവരികയാണ്. ആ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശം മറികടന്നാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇത് വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നിവിന്‍ പോളി അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തലയോലപ്പറമ്പ് പൊലീസാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തില്‍ വഞ്ചന നടന്നു എന്ന് ആരോപിച്ച് നിര്‍മാതാവ് പി.എസ് ഷംനാസാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനെതിരെയും കേസെടുത്തിട്ടുണ്ട്.

നിവിന്‍ പോളിയുടെ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവാണ് പരാതിക്കാരനായ പി.എസ്. ഷംനാസ്. ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഗള്‍ഫിലെ വിതരണക്കാരനില്‍ നിന്ന് മുന്‍കൂറായി നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ എന്ന കമ്പനി രണ്ട് കോടി കൈപ്പറ്റി എന്നും ആരോപണമുണ്ട്.