വിംബിൾഡണിൽ തരംഗം തീർത്ത് എമ്പുരാൻ. ആദ്യ കിരീടനേട്ടവുമായി മിന്നിത്തിളങ്ങിയ ഇറ്റലിയുടെ യാനിക് സിന്നറിനെ പ്രശംസിച്ചുള്ള വിംബിൾഡണിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എമ്പുരാൻ ചിത്രത്തിലെ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് പോസ്റ്റ് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.
ഉഷ ഉതുപ്പ് പാടിയ ‘എമ്പുരാനേ’ എന്ന ഗാനമാണ് വിംബിൾഡൺ തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ഇന്ത്യയുമായി കോളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് ഗാനം പ്രത്യക്ഷപ്പെട്ടത്. ബിനീഷ് കോടിയേരി അടക്കം നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ഇതേത് മ്യൂസിക് ട്രാക്കാണെന്നാണ് പാട്ട് ഇഷ്ടപ്പെട്ട വിദേശികളുടെ ചോദ്യം. ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ എമ്പുരാൻ സിനിമയിലെ ഗാനമാണെന്ന് മലയാളികൾ വിശദമായി മറുപടി നല്‍കുന്നുമുണ്ട്.
2019 ൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൻ്റെ അവസാനം, എമ്പുരാൻ അനൗൺസ്മെൻ്റായി ഒരുക്കിയ ഗാനം, രണ്ടാം ഭാഗത്തിലൂടെ തരംഗമായിരുന്നു. മലയാളികൾ നെഞ്ചിലേറ്റിയ ദീപക് ദേവിന്റെ ട്രാക്ക് വിദേശികൾക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
ദിവസങ്ങൾക്കു മുൻപ് യാനിക് സിന്നർ കിരീടം നേടിയപ്പോൾ വിംബിൾഡൺ ഔദ്യോഗികമായി പങ്കുവെച്ച സോഷ്യൽ മീഡിയ കാർഡിനും സൗത്തിന്ത്യൻ സിനിമാ ബന്ധം ഉണ്ടായിരുന്നു. തമിഴ് സൂപ്പർ താരം വിജയുടെ പുതിയ സിനിമ ജന നായകൻ്റെ പോസ്റ്ററിൽ, യാനിക് സിന്നറിൻ്റെ ചിത്രത്തിനൊപ്പം നായകൻ എന്ന ക്യാപ്ഷനായിരുന്നു നൽകിയത്. കാർഡിനു പിന്നാലെയാണ് ഇപ്പോൾ വീഡിയോയിലും ഇന്ത്യൻ സിനിമാ ഗാനം ഇടം പിടിച്ചിരിക്കുന്നത്.