തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ. ചെയർമാൻ കെ. വി. മനോജ് കുമാർ ഉൾപ്പെടെ ഉള്ളവരുടെ സംഘം സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും കെഎസ്ഇബിക്കും വീഴ്ച പറ്റിയെന്നും കുട്ടികൾ ഉണ്ടായിരിക്കുന്ന എല്ലാ സ്ഥലങ്ങളും സുരക്ഷിതമാകണമെന്നും കെ. വി. മനോജ് കുമാർ പറഞ്ഞു.
ഒരു പ്രശ്നം പരിഹരിക്കാൻ ദുരന്തം വേണ്ടി വന്നു എന്നത് കഷ്ടമാണ്. അപകടത്തിന് കാരണം നിരുത്തരവാദിത്വപരമായ സമീപനമാണെന്നും കെ. വി. മനോജ് കുമാർ വ്യക്തമാക്കി. “വിഷയത്തിൽ കെഎസ്ഇബിക്ക് കൈകഴുകാൻ ആകില്ല. ഈ സാഹചര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നത് വീഴ്ചയാണ്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും”; കെ. വി. മനോജ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ മാനേജ്‌മെൻ്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻ്റ് ഇത് ചെയ്തല്ലെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിന് മാനേജ്മെന്റും മുൻകൈ എടുക്കണം. ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാഫീസ് ഒഴിവാക്കും. സ്കൗട്ട് ആൻഡ് ഗൈഡ്സ് മുഖേന മിഥുന് വീട് നിർമിച്ചു നൽകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ സ്കൂളിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയ അന്തിമ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി ഉണ്ടാവുമെന്നും നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്കൂൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങസംബന്ധിച്ച് മെയ് 13 ന് സർക്കുലർ ഇറക്കിയിരുന്നു.കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതുവരെ അധികൃതരെ സമീപിക്കണം ആയിരുന്നുവെന്നും, മന്ത്രിയെ ഉൾപ്പടെ അറിയിക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുരക്ഷ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ശമ്പളം കിട്ടും എന്ന നിലപാടാണ് ചില അധ്യാപകർക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല. ഗുരുതരമായ പിശവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.