ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പേമാരിയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് രാജ്യത്തെ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. 12 പേരെ കാണാതായതായെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മധ്യ ചുങ്‌ചിയോങ് മേഖലയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു ഗ്രാമം മുഴുവൻ മണ്ണ് കൊണ്ട് മൂടിയ വിധത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രാജ്യത്തിൻ്റെ തെക്കൻ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടായത്. സാഞ്ചിയോങ്ങിൽ ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് റോഡുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങൾക്ക് നശിക്കുകയും കന്നുകാലികൾ വ്യാപകമായി ചത്തതായും റിപ്പോർട്ടുകളുണ്ട്.
മേഖലയിലുടനീളം 10,000 ത്തോളം ആളുകളെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. അതേസമയം 41,000 ത്തിലധികം വീടുകളിൽ താൽക്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ പ്രത്യേക ദുരന്ത മേഖലകളായി പ്രഖ്യാപിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെയ്-മ്യുങ് ഉത്തരവിട്ടിട്ടുണ്ട്.
വടക്കൻ ഗാപ്യോങ് കൗണ്ടിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി സ്വത്തു വകകൾ ചെളിയിൽ മുങ്ങിയതായി സർക്കാർ ഉദ്യോഗസ്ഥർ അറിയച്ചതായി എഎഫ്‌പി ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും, പക്ഷേ തുടർന്ന് ശക്തമായ ഉഷ്ണതരംഗമായിരിക്കും ദക്ഷിണ കൊറിയയെ കാത്തിരിക്കുന്നതെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.