ഹമാസിനെതിരെ കടുത്ത ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാല്‍, മധ്യ ഗാസയിലുള്ള ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍. ദേര്‍ അല്‍ ബലാ മേഖലയിലെ താമസക്കാരും, ആഭ്യന്തരമായി ചിതറിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഭയം തേടിയവരും ഉള്‍പ്പെടെ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച ലഘുലേഖകള്‍ ഞായറാഴ്ച ഇസ്രയേല്‍ സേന വ്യോമമാര്‍ഗം മേഖലയില്‍ വര്‍ഷിച്ചിരുന്നു. ഇസ്രയേല്‍ സേനയുടെ അറബി ഭാഷയിലെ വക്താവ് അവിചയ് അദ്രെ എക്സിലും വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
ഇസ്രയേല്‍ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കലെന്ന് അദ്രെ എക്സില്‍ വ്യക്തമാക്കി. ഇതിനുമുമ്പ്‍ സേന പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങള്‍ ഉള്‍പ്പെടെ, ദേര്‍ അല്‍ ബലാ മേഖലയിലേക്ക് ഇസ്രയേല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്. പലസ്തീനികള്‍ സുരക്ഷാര്‍ത്ഥം മെഡിറ്ററേനിയന്‍ തീരത്തെ മവാസി മേഖലയിലേക്ക് മാറണമെന്നുമാണ് അദ്രെ അറിയിച്ചത്.
ഖത്തറില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെയാണ് ഇസ്രയേല്‍ സേനയുടെ കടുത്ത നടപടി. ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് അന്താരാഷ്ട്ര മധ്യസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. പിന്നാലെയാണ് ഇസ്രയേലിന്റെ നിര്‍ണായക നീക്കം. ഗാസയില്‍ സൈനിക നടപടി വിപുലീകരിക്കുന്നത് ഹമാസിനെ ചർച്ചകൾക്കായി സമ്മര്‍ദത്തിലാക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള വാദം. എന്നാല്‍, മാസങ്ങളായി ചര്‍ച്ചകള്‍ വഴി മുട്ടിയിരിക്കുകയാണ്.
ഗാസയിലെ ജനങ്ങളെയെല്ലാം തെക്കന്‍ മേഖലയിലേക്ക് ഒതുക്കി, മറ്റ് മേഖലകളുടെ സമ്പൂര്‍ണ നിയന്ത്രണം സ്വന്തമാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ദക്ഷിണ ഗാസയിലെ ക്യാംപുകളും ഭക്ഷണ-സഹായ വിതരണ കേന്ദ്രങ്ങളും ഉള്‍പ്പെടെ നിരന്തരം ആക്രമിക്കുന്നത്. നിലവില്‍ ഗാസയുടെ 65 ശതമാനവും ഇസ്രയേല്‍ അധിനിവേശത്തിനു കീഴിലാണ്. ആക്രമണങ്ങളും കുടിയൊഴിപ്പിക്കലും കൂട്ട പലായനവുമൊക്കെ ഗാസയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.