നിമിഷപ്രിയ വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയതിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് കാരന്തൂർ മർക്കസിൽ നേരിട്ടെത്തി നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഇന്ന് രാവിലെ 11.30 ഓടുകൂടിയാണ് എംഎല്‍എ മർക്കസിൽ എത്തിയത്. ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺകുമാറിനൊപ്പമാണ് എത്തിയത്.
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസില്‍ കാന്തപുരത്തിന്റെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് എത്തിയത് എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ മാധ്യമങ്ങളെ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണുന്നെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കാന്തപുരത്തിന്റെ യെമൻ ബന്ധം ഗുണം ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. നമ്മുടെ നാട് ഒറ്റക്കെട്ടായി പോകുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇടപെടൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ശക്തമാക്കി. തലാലിൻ്റെ കുടുംബവുമായി ചർച്ച നടത്തുന്ന പ്രതിനിധികളുമായി ഓൺലൈനിൽ ആശയ വിനിമയം നടത്തി. ചാണ്ടി ഉമ്മനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ചർച്ച.
അതേസമയം, സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയിരുന്ന സാമുവൽ ജെറോമിനെ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തി. നിമിഷപ്രിയ കേസിൽ സാമുവല്‍ ജെറോം ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ആരോപണം.
നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെ സാമുവലിനെ കണ്ടെന്നും സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, കേരളത്തിലെ മാധ്യമങ്ങളില്‍ തലാലിന്റെ കുടുംബത്തിന് ദിയാധനമായി നല്‍കാന്‍ സാമുവല്‍ ഇരുപതിനായിരം ആവശ്യപ്പെട്ടതായി കണ്ടതായും ഇയാള്‍ കൂട്ടിച്ചേർത്തു. തങ്ങളെ ഇയാള്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിന്റെയും ഇടപെടല്‍ ഇല്ലെന്ന് സാമുവല്‍ ജെറോം പറഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നതെന്നായിരുന്നു സാമുവലിന്റെ നിലപാട്. കാന്തപുരത്തിന്റെ ഇടപെടലിനെ തള്ളിക്കൊണ്ടായിരുന്നു സാമുവലിന്റെ ഈ പ്രതികരണം.