ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതികായന് വിട. വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 102 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേരളത്തിലെ പ്രമുഖ നേതാക്കളുമെല്ലാം വിഎസിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദം സാധാരണ നിലയിൽ ആയിരുന്നില്ല ശ്വാസകോശത്തിൽ നേരിയ അണുബാധയും ഉണ്ടായിരുന്നു. ഇൻഫക്ഷൻ വരാതിരിക്കാൻ ആൻ്റിബയോട്ടിക് നൽകിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തിലാണ് വിഎസിന്റെ ചികിത്സ തുടർന്നിരുന്നത്. SUT മെഡിക്കൽ ബോർഡിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴംഗ വിദഗ്ധ സംഘവുമാണ് വിഎസിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു യുഗമാണ് വിഎസ് എന്ന് അണികളും ജനങ്ങളും വിളിക്കുന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തോടെ അവസാനിക്കുന്നത്. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം കൂടിയാണ് 102 വര്‍ഷത്തെ ജീവിതം.
1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ജനിക്കുന്നത്. നാലാം വയസ്സില്‍ അച്ഛനേയും പതിനൊന്നാമത്തെ വയസ്സില്‍ വസൂരി ബാധയില്‍ അമ്മയേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് സഹോദരിയുടെ സംരക്ഷണയിലായിരുന്നു ജീവിതം.
ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജ്യേഷ്ഠന്റെ ജൗളിക്കടയില്‍ സഹായിയായി ജോലിക്കു കയറി. പിന്നീട് ആസ്പിന്‍വാള്‍ കമ്പനിയില്‍ കയര്‍ തൊഴിലാളിയായി. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടത്തിയ നിവര്‍ത്തനപ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938 പി. കൃഷ്ണപിള്ളയ്‌ക്കൊപ്പം ചേര്‍ന്നു. ഇതേ വര്‍ഷം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. പതിനേഴാമത്തെ വയസ്സില്‍ 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.
ചെറുകാലി വരമ്പത്ത് തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു തുടക്കം. 1943ല്‍ കോഴിക്കോട് സിപിഐ സമ്മേളന പ്രതിനിധിയായി. 1952ല്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1956ല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. ആദ്യ കേരള സര്‍ക്കാരിൻ്റെ ഉപദേശക സമിതിയില്‍ അംഗമായി. 1958ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ സിപിഐ ദേശീയ സമിതിയിലും വിഎസ് അംഗമായിരുന്നു. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചത് വിഎസിനായിരുന്നു.
1967 ജൂലൈ 16ന് 44ാമത്തെ വയസ്സിലാണ് വിഎസ് വിവാഹിതനാകുന്നത്. മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണ മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം. പാര്‍ട്ടി പ്രവര്‍ത്തനവുമായി സജീവമായിരുന്ന വിഎസ് വിവാഹ ദിവസവും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നില്ല. മൂന്ന് മണിക്ക് വിവാഹം കഴിഞ്ഞ് നേരെ പോയത് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു. നവവധുവായ വസുമതിയെ സഹോദരന്റെ വീട്ടിലാക്കിയായിരുന്നു പാര്‍ട്ടി യോഗത്തിന് എത്തിയത്.
പുന്നപ്ര വയലാര്‍ സമരകാലത്ത് പി. കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരം കളര്‍കോട് ക്യാമ്പിന്റെ ചുമതല വിഎസ് ഏറ്റെടുത്തു. വെടിവെപ്പിനു പിന്നാലെ പാര്‍ട്ടി നിര്‍ദേശപ്രകാരം ഒളിവില്‍ പോയി. പിന്നീട് പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാല് വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ഈരാറ്റുപേട്ട, പാലാ ക്യാംപുകളില്‍ അതിക്രൂരമായ പൊലീസ് മര്‍ദനത്തിനാണ് വിഎസ് വിധേയനായത്. അന്ന് ബയണറ്റ് കൊണ്ട് പൊലീസ് അദ്ദേഹത്തിന്റെ കാലില്‍ കുത്തിയ പാട് കേരള രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത പാടായി അവശേഷിച്ചു.
അതിക്രൂരമായ മര്‍ദനത്തിന് ശേഷം മരിച്ചെന്ന് കരുതിയാണ് വിഎസിനെ പൊലീസ് ഉപേക്ഷിച്ചത്. മോഷണക്കേസ് പ്രതി കോലപ്പനാണ് വിഎസിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. കോലപ്പന്‍ ബഹളമുണ്ടാക്കിയത് കൊണ്ടു മാത്രമാണ് വിഎസിനെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. ആറ് മാസം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന് വീണ്ടും നടക്കാനായതെന്നതും ചരിത്രം.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവെച്ച 1964ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴു നേതാക്കളില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. വിഎസ് അടക്കം 32 പേരാണ് അന്ന് കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്.
1980 മുതല്‍ 1991 വരെ മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ, 23 വര്‍ഷം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കന്നി മത്സരത്തില്‍ ഉള്‍പ്പെടെ മൂന്ന് തവണ മാത്രമാണ് തോല്‍വിയറിഞ്ഞത്. 1992-1996, 2001-2006, 2011-2016 കാലങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതു മുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1985 മുതല്‍ 2009 ജൂലൈ വരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു വിഎസ്. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ഒരു തവണ പോലും മന്ത്രിയാകാതെ മുഖ്യമന്ത്രി പദവിയിലെത്തിയ നേതാവണ് വിഎസ്. 2006 മെയ് 18ന് കേരളത്തിൻ്റെ 11ാമത് മുഖ്യമന്ത്രിയായി. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആകുമ്പോള്‍ 82 വയസും ഏഴ് മാസവുമായിരുന്നു പ്രായം.
പ്രായാധിക്യത്തേയും ശാരീരിക അവശതകളേയും തുടര്‍ന്ന് 2020ലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയത്. എങ്കിലും കേരളത്തിലെ ഓരോ രാഷ്ട്രീയ വാര്‍ത്തകളിലും വിഎസിന്റെ നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ജനങ്ങള്‍ കാതോര്‍ത്തിരുന്നു. പറഞ്ഞാലും എഴുതിയാലും നീണ്ടുപോകുന്ന ചരിത്രമാണ് വിഎസ് അച്യുതാനന്ദനെന്ന മനുഷ്യന്‍. കേരളത്തിനും മുമ്പേ ജനിച്ച കേരളത്തെ രാഷ്ട്രീയമായി രൂപപ്പെടുത്തിയ ആ അതികായന്റെ വിയോഗത്തോടെ അസ്തമിക്കുന്നത് മലയാള നാടിന്റെ വിപ്ലവ ചരിത്രത്തിലെ സുവര്‍ണ ഏടാണ്.