പോണോഗ്രാഫിക്ക് കണ്ടന്റുകള്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 25 ഒടിടി പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്. ആള്‍ട്ട്ബാലാജി, ഉല്ലു, ബിഗ് ഷോട്ട്‌സ് ആപ്പ്, ദേസിഫ്‌ളിക്‌സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അശ്ലീല ചുവയുള്ള കണ്ടന്റുകളും ചില സാഹചര്യത്തില്‍ പോണോഗ്രാഫിക്ക് കണ്ടന്റുകളും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണ് ഇതിലൂടെ നടന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
കുടുംബ ബന്ധങ്ങളിലും മറ്റ് സെന്‍സിറ്റീവ് സാഹചര്യങ്ങളിലും അനുചിതമായ സന്ദര്‍ഭങ്ങളില്‍ നഗ്നതയും ലൈംഗിക ഉള്ളടക്കവും ചിത്രീകരിക്കുന്നതും അധികൃതര്‍ തടഞ്ഞിട്ടുണ്ട്.
ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പരിശോധനയ്ക്ക് വിധേയമാകുന്നത് ഇത് ആദ്യമായല്ല. 2025 ഏപ്രിലില്‍ ഒടിടിയിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലൈംഗികത പ്രകടമാകുന്ന തരത്തിലുള്ള കണ്ടന്റുകള്‍ സ്ട്രീം ചെയ്യുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, ആള്‍ട്ട്, എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.
പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ കാര്യമായ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. “ഇത് ഞങ്ങളുടെ മേഖലയല്ല, നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ”, എന്ന് കേന്ദ്രത്തോട് സുപ്രീം കോടതി പറഞ്ഞതായി പിടഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.