നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നത് ഒരുപാട് സന്തോഷം തോന്നുന്ന വാർത്തയെന്ന് യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ശിഷ്യൻ ജവാദ് മുസ്തഫാവി. വധശിക്ഷ ഇനി ഉണ്ടാകില്ല. ഒന്നുകിൽ ജീവപര്യന്തം അല്ലെങ്കിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബം മാപ്പ് കൊടുത്ത് ജയിൽ മോചനം നേടുക എന്നത് മാത്രമേ ഉണ്ടാവുകയുള്ളു. ജയിൽ മോചനത്തിലേക്ക് എത്തിക്കാനുള്ള ചർച്ച തുടരുകയാണെന്നും ജവാദ് മുസ്തഫാവി പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിൽ ഇടപെട്ട ഷെയ്ഖ് ഹബീബ് ഉമർ സ്വാതികനായ സൂഫി പണ്ഡിതനാണ്. കാന്തപുരവുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള അദ്ദേഹത്തെ കുറിച്ച് മലയാളികൾ കൂടുതലായി കേൾക്കുന്നത് നിമിഷ പ്രിയ വിഷയത്തിൽ ഇടപെട്ടതോടെയാണ്.
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്കാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നയതന്ത്ര ഇടപെടലുകൾ അത്രയൊന്നും സാധ്യമല്ലാത്ത ഒരു രാജ്യമാണ് യെമൻ. അവിടെ ഫലപ്രദമായി ഒരു ചർച്ച നടക്കുകയും അതിന് ഫലം കാണുകയും ചെയ്തുവെന്നകാര്യം ഏറെ ആശ്വാസകരമാണ്.