സ്കൂളുകളിലെ രണ്ടുമാസത്തെ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കം കുറിച്ചത് വ്യക്തിപരമായ തീരുമാനമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഔദ്യോഗിക തീരുമാനമല്ല. നിലവിലുയരുന്ന നെഗറ്റീവ് അഭിപ്രായങ്ങൾ ഉൾപ്പെടെ കേട്ടതിന് ശേഷം നടപ്പാക്കാമെങ്കിൽ അങ്ങനെ ചെയ്യും, അല്ലെങ്കിൽ വേണ്ടെന്ന് വെക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അന്തിമ തീരുമാനമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
മഴക്കാലത്ത് സ്കൂൾ പ്രവർത്തിക്കുന്നതിന് ചില പ്രശ്നങ്ങളുണ്ട്. നെഗറ്റീവ് ആയി പറയുന്നവരുടെ അഭിപ്രായവും പരിഗണിക്കും. കേരളത്തിനെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണ്. ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാകും. വേനലിനെക്കാൾ കെടുതികളാണ് മഴക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ആരംഭിച്ച ചർച്ചകൾ സജീവമാകുകയാണ്. കേരളത്തിൽ മഴക്കാലക്കെടുതികൾ ശക്തമാകുന്ന സാഹചര്യത്തിൽ വേനലവധി ഏപ്രിൽ മെയ് മാസങ്ങളിൽ നിന്നും ജൂൺ ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
അതേസമയം, സ്കൂൾ വിദ്യാർഥികൾക്കായുള്ള പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ ആരംഭിക്കും. ആഴ്ചയിൽ ഒരിക്കൽ വെജ് ബിരിയാണിയും ഫ്രൈഡ് റൈസുമാണ് പുതുക്കിയ ഉച്ചഭക്ഷണ മെനു പ്രകാരം ലഭിക്കുക. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി. കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വെല്ലുവിളിയുമില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. അധ്യാപകർക്ക് പണം തികയുമോ എന്നുള്ള ആശങ്കയുണ്ട്. അതിൽ ഒന്നും വിഷമമുണ്ടാവില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.