നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് അടക്കം നാല് കാരണങ്ങൾ ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം നൽകിയ അപേക്ഷയാണ് വിദേശകാര്യ വകുപ്പാണ് തള്ളിയത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അടക്കം ആറ് പ്രതിനിധികളെ അയക്കണമെന്നായിരുന്നു ആവശ്യം.
നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ കോടതി റദ്ദാക്കിയിരുന്നു. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് ഇതു സംബന്ധിച്ച് അറിയിപ്പും ലഭിച്ചിരുന്നു. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്‍റെ കാര്യത്തിൽ ചർച്ച തുടരുമെന്നും കാന്തപുരം പറഞ്ഞിരുന്നു.
അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്‍റെ അവകാശവാദം വിദേശകാര്യ മന്ത്രാലയം വീണ്ടും തള്ളി. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്‍റെ ഓഫീസിൽ നിന്നുമുള്ള പത്രകുറിപ്പ് വാർത്താ ഏജൻസിയായ എഎൻഐ അടക്കം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിമിഷ പ്രിയയുടെ കേസിൽ കാന്തപുരത്തിന്‍റെ ഇടപെടൽ കേന്ദ്രം തള്ളിയതോടെ എഎൻഐ വാർത്ത പിൻവലിച്ചിരുന്നു.